കാഞ്ചിപുരം: തമിഴ്‌നാട് ബിജെപിയുടെ എസ്‌സി/എസ്‌ടി വിഭാഗത്തിന്‍റെ സംസ്ഥാന ഭാരവാഹി പിപിജി ശങ്കർ (42) വെട്ടേറ്റു മരിച്ചു. വ്യാഴാഴ്‌ച അർധ രാത്രിയാണ് കൊലപാതകമുണ്ടായത്. ചെന്നൈയിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങവെ പൂനമല്ലെ ഹൈവേയിൽ നസറത്ത്‌പേട്ട് ട്രാഫിക് സിഗ്‌നലിനു സമീപം വെച്ചായിരുന്നു കൊലപാതകം. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
നസറത്ത്‌പേട്ട് ട്രാഫിക് സിഗ്‌നലിനു സമീപം കാർ എത്തിയപ്പോൾ ഒരു സംഘം അജ്ഞാതർ കാറിന് നേരെ നാടൻ ബോംബ് എറിയുകയായിരുന്നു. ഇത് കണ്ട് ഭയന്ന ശങ്കർ കാർ നിർത്തുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ പ്രതികൾ ഇയാളെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശങ്കർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
വിവരമറിഞ്ഞ് നസറത്ത്പേട്ട് പൊലീസ് സ്ഥലത്തെത്തി ശങ്കറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെന്നൈയിലെ കിൽപ്പോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അജ്ഞാതർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതികളെ ഉടൻ പടികൂടുമെന്നും പൊലീസ് അറിയിച്ചു.
പ്രതികളെ കണ്ടെത്താൻ 9 പ്രത്യേക സേനകളെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ശങ്കറിനെതിരെ ക്രിമിനൽ കേസുകളടക്കം പതിനഞ്ചിലധികം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം സംഭവത്തെ അപലപിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ ക്രമസമാധാന പാലനത്തിൽ എംകെ സ്റ്റാലിൻ സർക്കാർ സമ്പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തി.