ന്യൂഡല്‍ഹി: ബംഗാളിലെ വോട്ടെണ്ണലിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളിലെ അപര്യാപ്‌തതകളെ ചൂണ്ടിക്കാട്ടി ടിഎംസി. മെയ് 2ന് നടക്കുന്ന വോട്ടണ്ണലിനോടനുബന്ധിച്ച് പോളിങ് ഓഫീസര്‍മാര്‍ക്കും സിഎപിഎഫ് സേനാംഗങ്ങള്‍ക്കും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് യാതൊരു നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിട്ടില്ലെന്ന് ടിഎംസി നല്‍കിയ കത്തില്‍ പറയുന്നു. ഏപ്രില്‍ 28 ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളിലെ കുറവുകളെയാണ് ടിഎംസി കത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്.
അതേ സമയം ഇലക്ഷന്‍ ഏജന്‍റ്, കൗണ്ടിങ് ഏജന്‍റ്, സ്ഥാനാര്‍ഥി എന്നിവര്‍ക്ക് കൗണ്ടിങ് ഹാളിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്നുണ്ട് താനും. എന്നാല്‍ കൗണ്ടിങ് ഹാളിലെ പോളിങ് ഓഫീസര്‍ക്ക് ഇത്തരം നിര്‍ദേശങ്ങളൊന്നും തന്നെ നല്‍കിയിട്ടുമില്ല. പോളിങ് ഓഫീസര്‍മാര്‍ക്കൊപ്പം സിഎപിഎഫ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല.
മെയ് 2ന് വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങള്‍ക്ക് പുറത്തായി 24000ത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. പിപിഇ കിറ്റുകള്‍ ധരിക്കുന്നത് സംബന്ധിച്ചോ ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെ സംബന്ധിച്ചോ യാതൊരു നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടില്ല.
പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇവ എണ്ണുന്നതിന് കൂടുതല്‍ സമയം ആവശ്യമായതിനാലും ഇവിഎം മെഷീനിലെ വോട്ടെണ്ണലിന് മുന്‍പ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങണമെന്നും ടിഎംസി ആവശ്യപ്പെടുന്നു. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലെ അപര്യാപ്‌തതകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ടിഎംസി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ദിവസമായിരുന്നു ഇന്ന്.