കൊൽക്കത്ത: വരാനിരിക്കുന്ന മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി തൃണമൂൽ കോണ്‍ഗ്രസ്. 52 സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. 60 നിയമസഭ സീറ്റുകളുള്ള മേഘാലയിൽ ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും തൃണമൂൽ കോണ്‍ഗ്രസ് അറിയിച്ചു.
സംസ്ഥാനത്തിന്‍റെ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള സ്ഥാനാർഥി പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഡോ. മുകുൾ സാംഗ്മ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ പ്രഖ്യാപനത്തിലൂടെ മേഘാലയയുടെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഞങ്ങൾ വീണ്ടും പ്രതിജ്ഞാബദ്ധരാവുകയാണ്.
സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. നാമനിർദേശം ചെയ്യപ്പെടുന്ന 52 സ്ഥാനാർഥികളോട് എന്‍റെ ആത്മാർഥമായ നന്ദിയും ആദരവും അറിയിക്കുന്നു. സംസ്ഥാനത്തിന് ഐക്യദാർഢ്യത്തിനായി തൃണമൂൽ കോണ്‍ഗ്രസിന് പിന്തുണ നൽകാൻ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു.
മേഘാലയയിലെ ജനങ്ങൾ ഇപ്പോൾ ദുർഭരണത്തിന്‍റെ ഇരകളാണ്. അത്തരം ഭരണത്തിൽ നിന്ന് ജനങ്ങളെ മുക്തരാക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് ഉറപ്പുനൽകുന്നു. മുകുൾ സാംഗ്മ കൂട്ടിച്ചേർത്തു. 2023 മാർച്ച് ആദ്യ വാരത്തോടെയാകും മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.