കൊല്‍ക്കത്ത: ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ സര്‍ക്കാര്‍ ജനങ്ങളുടെ വീടുകളില്‍ സൗജന്യ റേഷന്‍ എത്തിക്കുമെന്ന വാഗ്‌ദാനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുരുലിയയില്‍ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ വാഗ്‌ദാനം. ടിഎംസി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെയ് മാസത്തിന് കടകളിലേക്ക് പോകേണ്ട റേഷന്‍ വീടുകളിലെത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ സംസ്ഥാനത്തെ മുഴുവന്‍ വിധവകള്‍ക്കും 1000രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആദിവാസികളില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്ക് പെന്‍ഷനായി 2000 രൂപയും നല്‍കും. ആദിവാസികളുടെ ഭൂമി അവകാശത്തെ തട്ടിയെടുക്കാത്ത ഒരേ ഒരു സംസ്ഥാനം ബംഗാളാണെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. അതേ സമയം ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും മമത ഉന്നയിച്ചു. ബിജെപിയുടെ വാഗ്‌ദാനമായ 15 ലക്ഷം നല്‍കിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പണം കൊണ്ട് ആളുകളെ വാങ്ങാമെന്ന് കരുതരുതെന്നും ഒരു ഭാഗത്ത് തങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുമ്പോള്‍ മറ്റൊരുവശത്ത് ബിജെപി ഇന്ധന, ഗ്യാസ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
ജനങ്ങള്‍ തലകുനിക്കരുതെന്നും വ്യക്തിത്വം, പ്രത്യയശാസ്‌ത്രം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവ നഷ്‌ടപ്പെട്ടാല്‍ എല്ലാം നഷ്‌ടമാകുമെന്നും മമതാ ബാനാര്‍ജി ജനങ്ങളോട് പറഞ്ഞു. കേന്ദ്രം വാ മൂടുവാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിച്ച മമതാ ബാനര്‍ജി, ശബ്‌ദിക്കാന്‍ കഴിയുന്നത് വരെ താന്‍ ശബ്‌ദമുയര്‍ത്തുമെന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.