കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാറിനെതിരെ മുദ്രാവാക്യവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. 'ടിഎംസി ബാഗോ, ബിജെപി ലാവോ, ബംഗ്ലാ ബച്ചാവോ' എന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തുകൊണ്ട് സ്‌മൃതി ഇറാനി ജനങ്ങളോട് ആഹ്വാനം ചെയ്‌തത്. ടിഎംസിയെ ഓടിക്കുകയും, ബിജെപിയെ കൊണ്ടുവരികയും ബംഗാളിനെ രക്ഷിക്കുകയും ചെയ്യൂ എന്നാണ് സ്‌മൃതി ഇറാനി പ്രചാരണത്തിനിടെ മുദ്രാവാക്യമുയര്‍ത്തിയത്. മിദ്‌നാപൂരിലെ ബിജെപി സ്ഥാനാര്‍ഥി സമിത് ദാസിനെ പിന്തുണച്ചുകൊണ്ട് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനത്തെ പാവങ്ങള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികളുടെ ക്രെഡിറ്റ് മമതാ ബാനര്‍ജി കൈവശപ്പെടുത്തുകയാണെന്നും സ്‌മൃതി ഇറാനി ആരോപിച്ചു. പാവങ്ങള്‍ക്കായി പ്രധാനമന്ത്രി നാല് ലക്ഷം കോടിയാണ് നല്‍കിയതെന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണക്കുന്ന മമതാ ബാനര്‍ജി എത്ര മാത്രം പണം ചെലവാക്കിയിട്ടുണ്ടെന്നും സ്‌മൃതി ഇറാനി ചോദിച്ചു. ഇന്ത്യയുടെ ധനം കൊള്ളയടിച്ചവരെയാണ് മമതാ പിന്തുണക്കുന്നതെന്നും അവരുടെ കളി അവസാനിച്ചതായി ബംഗാള്‍ ജനത തീരുമാനിച്ചെന്നും പ്രചാരണത്തിനിടെ കേന്ദ്ര മന്ത്രി പറഞ്ഞു.
ടിഎംസി ബംഗാളില്‍ തുടരില്ലെന്നും ബിജെപി അധികാരത്തില്‍ വരുമെന്നും സ്‌മൃതി ഇറാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാര്‍ച്ച് 27ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ താമരക്ക് വോട്ട് ചെയ്യണമെന്നും കേന്ദ്ര മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പശ്ചിമബംഗാളില്‍ ഇപ്രാവശ്യം ടിഎംസിയുമായി ത്രികോണ മത്സരമായിരിക്കും ഉണ്ടായിരിക്കുകയെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ടിഎംസി, കോണ്‍ഗ്രസ്- ഇടത് സഖ്യം, ബിജെപി എന്നിവരാണ് തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 നാണ് വോട്ടെണ്ണല്‍.