തിരുനെൽവേലി: അടുത്ത കാലത്തായി തമിഴ്‌നാട്ടിലെ യുവാക്കളിൽ സർക്കാർ ജോലി നേടാനുള്ള ആഗ്രഹം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സർക്കാർ ജോലിയിൽ കൂടുതൽ ശമ്പളവും ബഹുമാനവും ലഭിക്കുമെന്ന ചിന്തയാണ് ഇതിന് പിന്നില്‍. ഇതിന്‍റെ ഭാഗമായി ടിഎൻപിഎസ്‌സിയുടെ (തമിഴ്‌നാട് പബ്ലിക് കമ്മിഷന്‍) പരീക്ഷയിൽ കൂടുതൽ യുവാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവര്‍ക്കായി തിരുനെൽവേലി സിറ്റി കോർപ്പറേഷന്‍റെ ഉടമസ്ഥതിയിലുള്ള പാര്‍ക്ക് 24 മണിക്കൂര്‍ സമയവും തുറന്ന് നല്‍കി ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയിരിക്കുകയാണിപ്പോള്‍. പാളയങ്കോട്ട പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള സരോജിനി പാർക്കാണ് ഉദ്യോഗാര്‍ഥികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്.
വനിതകള്‍ ഉള്‍പ്പെടെ നിരവധി ഉദ്യോഗാര്‍ഥികളാണ് എല്ലാ ദിവസവും രാത്രിയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പുസ്തകങ്ങളുമായി എത്തുന്നത്. പഠനത്തിനായി പാര്‍ക്ക് ഉപയോഗിക്കാനാവുന്നത് ഗുണം ചെയ്യുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
സംശയ നിവാരണത്തിനായി അടുത്തിരിക്കുന്നവരെ ആശ്രയിക്കാമെന്നത് പഠനം എളുപ്പമാക്കുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണയായി ഇത്തരം കോർപ്പറേഷൻ പാർക്കുകൾ രാത്രി എട്ടുമണിയോടെ അടയ്‌ക്കുന്നവയാണ്. എന്നാല്‍ കോര്‍പ്പറേഷന്‍റെ പുതിയ തീരുമാനത്തോടെ ഈ പാർക്ക് മുഴുവൻ സമയവും തുറന്നിരിക്കും.