അഗർത്തല: ത്രിപുരയിലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ 2019ല്‍ തുടങ്ങിയ സാമൂഹിക പ്രസ്ഥാനം 2021ലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ രൂപത്തിലേക്ക് മാറുന്നത്. സ്വദേശി നാഷണലിസ്റ്റ് പാർട്ടി ഓഫ് ത്വിപ്ര (ഐഎൻപിടി), തിപ്രലാൻസ് സംസ്ഥാന പാർട്ടി (ടിഎസ്‌പി ), ഐപിഎഫ്‌ടി (തിപ്ര) എന്നി രാഷ്ട്രീയ പാർട്ടികളെ 2021ല്‍ ലയിപ്പിച്ചാണ് തിപ്ര (TIPRA) എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊള്ളുന്നത്.
ഗ്രേറ്റർ തിപ്രലാൻഡ് എന്ന പേരില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നതാണ് തിപ്ര ദേശീയത ആവശ്യപ്പെടുന്ന തിപ്ര മോത എന്ന രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യം. കോൺഗ്രസ് ആഭിമുഖ്യമുള്ള പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമയുടെ നേതൃത്വത്തിലായതിനാല്‍ തിപ്രമോതയ്ക്ക് കോൺഗ്രസ് സഖ്യവുമായി ബന്ധമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സിപിഎമ്മുമായി ഒരിക്കലും സഖ്യത്തിലാകാൻ രാജവംശത്തില്‍ നിന്നുള്ള തനിക്ക് ഒരിക്കലും കഴിയില്ലെന്നാണ് ദേബ് ബർമ പറയുന്നത്.
ദേബ് ബർമയെ കൂടാതെ പൂർണ ചന്ദ്ര ജമതിയ, ബിജോയ് കുമാർ ഹരങ്ക്വാൾ, അനിമേഷ് ദേബ്‌ബർമ എന്നിവരാണ് തിപ്രമോതയുടെ പ്രധാന നേതാക്കൾ. ത്രിപുരയില്‍ സിപിഎമ്മും കോൺഗ്രസും ഒഴിച്ചിട്ട രാഷ്ട്രീയ മണ്ഡലം കൃത്യമായി രൂപപ്പെടുത്തിയാണ് തിപ്രമോത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്. അത് അവർക്ക് വോട്ടാക്കി മാറ്റാൻ കഴിഞ്ഞുവെന്നാണ് ഫല സൂചനകൾ.
മേഘനാട്ടിലെ തൃണമൂല്‍: 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മേഘാലയയുടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതിരുന്ന രാഷ്ട്രീയ പാർട്ടിയാണ് തൃണമൂല്‍ കോൺഗ്രസ്. എന്നാല്‍ കോൺഗ്രസ് പാർട്ടിയില്‍ നിന്ന് എംഎല്‍എമാരും നേതാക്കൻമാരും ബിജെപിയിലേക്ക് ചേക്കേറിത്തുടങ്ങിയപ്പോൾ 2021 നവംബറില്‍ മുൻ മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്‌മയും 11 എംഎല്‍എമാരും തൃണമൂല്‍ കോൺഗ്രസായി.
അതോടെ മേഘാലയയിലെ രാഷ്ട്രീയ ചിത്രം മാറിത്തുടങ്ങി. മമത ബാനർജി നേരിട്ടിറങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു. ബംഗാളിന് പുറത്തേക്കും വലിയ പാർട്ടിയായി മാറുക എന്ന തൃണമൂലിന്‍റെ ലക്ഷ്യത്തിന് ആദ്യ സൂചനയായി മേഘാലയയെ അവർ മാറ്റിയെടുക്കുകയും ചെയ്‌തു. വലിയ വാഗ്‌ദാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമത ബാനർജി മേഘാലയയിലെ ജനങ്ങൾക്ക് നല്‍കിയത്.
ഏകീകൃത സിവില്‍ കോഡ് നിയമം, പൗരത്വ ഭേദഗതി നിയമം, അഫ്‌സ്‌പ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിഫലിച്ചു. അതോടൊപ്പം അഞ്ച് പതിറ്റാണ്ടായി തുടരുന്ന അസം-മേഘാലയ അതിർത്തി തർക്കവും അതേ തുടർന്നുണ്ട് 2022 ലുണ്ടായ വെടിവെയ്‌പ്പും വലിയ രാഷ്ട്രീയ ചർച്ചയായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കോൺഗ്രസ് പൂർണമായും തകർന്നതോടെ ശക്തമായ പ്രതിപക്ഷമായി മാറിയ തൃണമൂല്‍ കോൺഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ നേടുന്ന വോട്ടുകൾ അവരുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ നേട്ടമാണ്.