എറണാകുളം : കോൺഗ്രസ് നേതാവ് പി.ടി തോമസിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 31ന് വോട്ടെടുപ്പ് നടക്കും. ജൂൺ മൂന്നിനായിരിക്കും വോട്ടെണ്ണൽ. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
മെയ് 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 12ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. 16 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. തൃക്കാക്കര കൂടാതെ ഒഡിഷയിലെ ബ്രജരാജ്‌നഗറിലും ഉത്തരാഖണ്ഡിലെ ചംപാവതിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കും.
യുഡിഎഫിന് മേൽക്കോയ്‌മ ഉള്ള മണ്ഡലമായ തൃക്കാക്കരയിൽ ഇക്കുറി കടുത്ത മത്സരത്തിനാണ് സാധ്യത. അന്തരിച്ച പി.ടി തോമസിന്‍റെ ഭാര്യ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചനകളുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്.
ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. എന്നാൽ സിൽവർ ലൈൻ വിഷയം വിവാദമായതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ് എന്നത് രാഷ്‌ട്രീയ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. ഇവിടെ ആം ആദ്‌മിയും ട്വന്‍റി 20യും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.