ബുര്‍ഹാന്‍പൂര്‍(മധ്യപ്രദേശ്): അമ്മമാര്‍ ശ്രദ്ധിക്കുക, ഇപ്പോഴത്തെ കുട്ടികള്‍ വേറെ 'ലെവല്‍' ആണ്. ഇതിന് ഉദാഹരണമാണ് മധ്യപ്രദേശിലെ ബുര്‍ഹാന്‍ ജില്ലയിലെ ഡെഡ്‌തലി ഗ്രാമത്തിലെ സദ്ദാം എന്ന മൂന്ന് വയസുകാരന്‍. തന്നെ ചെറുതായി ഒന്ന് തല്ലിയ അമ്മയ്‌ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി കൊടുത്തിരിക്കുകയാണ് സദ്ദാം.
സദ്ദാമിനെ കുളിപ്പിച്ചതിന് ശേഷം അവന്‍റെ അമ്മ, അവന് കണ്‍മഷി ഇടാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. കണ്‍മഷി ഇടാന്‍ സദ്ദാം വിസമ്മതിച്ചപ്പോള്‍ അമ്മ ചെറിയൊരു തല്ല് കൊടുത്തു. തുടര്‍ന്നാണ് അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി കൊടുക്കണമെന്ന് സദ്ദാം തന്‍റെ അച്ഛനോട് വാശിപിടിച്ചത്. സദ്ദാമിനെ സമാധാനിപ്പിക്കാനായി അച്ഛന്‍ പൊലീസ് സ്റ്റേഷനിലേക്ക് സദ്ദാമിനോടൊപ്പം പോകുകയായിരുന്നു.
സദ്ദാമിന്‍റെ നിഷ്‌കളങ്കമായ പരാതി കേട്ടപ്പോള്‍ സ്റ്റേഷന്‍റെ ചുമതലയുള്ള ഇന്‍സ്‌പെക്‌ടര്‍ പ്രിയങ്ക നായികിന് ചിരിയാണ് വന്നത്. അമ്മയെ ജയിലിലടക്കാതെ താന്‍ പോകില്ല എന്ന് കുട്ടി വാശി പിടിച്ചു. തന്‍റെ ചോക്ലേറ്റ് അമ്മ മോഷ്‌ടിച്ചുവെന്നും സദ്ദാം ഇന്‍സ്‌പെകടര്‍ പറഞ്ഞു.
കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടി ഒരു കടലാസില്‍ പരാതി പോലെ എഴുതുകയും അതില്‍ സദ്ദാമിനെ കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്‌തു ഇന്‍സ്‌പെക്‌ടര്‍. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.