ബെംഗളൂരു: പൊളിച്ചു നീക്കുന്നതിനിടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. ബെംഗളൂരു കമല നഗറിലുള്ള കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലം പൊത്തിയത്. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ അടിത്തറ ചൊവ്വാഴ്‌ച രാത്രി തകര്‍ന്നിരുന്നു. താമസക്കാരെ രാത്രി തന്നെ ഒഴിപ്പിച്ചിരുന്നതിനാല്‍ ആളപായമുണ്ടായില്ല.
ബുധനാഴ്‌ച രാവിലെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയും (ബിബിഎംപി) എന്‍ഡിആര്‍എഫും സ്ഥലത്തെത്തി കെട്ടിടം പൊളിച്ച് നീക്കുകയായിരുന്നു. ജെസിബിയും മറ്റ് അനുബന്ധ യന്ത്രങ്ങളും ഉപയോഗിച്ച് ക്ലിയറന്‍സ് ജോലികൾ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ മൂന്ന് നില കെട്ടിടം പൂര്‍ണമായും നിലം പൊത്തി.
തകര്‍ന്ന് വീണ കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തിനും നേരത്തെ നോട്ടീസ് ലഭിച്ചിരുന്നു. ഈ കെട്ടിടവും ഒഴിപ്പിയ്‌ക്കാനുള്ള നടപടികള്‍ തുടങ്ങി.