ന്യൂഡൽഹി: കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നിരവധി രാജ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സഹായമെത്തിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഞായറാഴ്‌ച മൂന്ന് ഓക്സിജൻ ജനറേറ്ററുകളും 1000 വെന്‍റിലേറ്ററുകളും യുകെയിൽ നിന്നെത്തി. രാജ്യത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.
ഓരോ ജനറേറ്ററിനും മിനിറ്റിന് 500 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ഒരു സമയം 50 പേരെ ചികിത്സിക്കാൻ പര്യാപ്തവുമാണ്. യുകെയുടെ ഈ സംഭാവനയെ വളരെയധികം വിലമതിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്ററിൽ കുറിച്ചു.
യുകെയിൽ നിന്നുള്ള വൈദ്യസഹായം രാജ്യത്തെ വിവിധ ആശുപത്രികളിലേക്കെത്തിക്കാൻ ഇന്ത്യൻ റെഡ് ക്രോസ് സഹായിക്കുമെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ (ബിഎച്ച്സി) അറിയിച്ചിരുന്നു. അതേസമയം ഏപ്രിൽ അവസാനത്തോടെ യുകെയിൽ നിന്നെത്തിയ 200 വെന്‍റിലേറ്ററുകൾക്കും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കും പുറമേയാണ് വീണ്ടും സഹായം എത്തിച്ചിരിക്കുന്നത്. നിലവിലെ പുതിയ പാക്കേജ് ആരോഗ്യ വകുപ്പിന്‍റെയും സാമൂഹിക പരിപാലന വകുപ്പിന്‍റെയും നേതൃത്വത്തിലാണെന്നും ഇതിനായുള്ള ധനസഹായം നൽകിയിരിക്കുന്നത് പൂർണമായും ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ അയർലണ്ടിൽ നിന്നും മികച്ച ഓക്സിജൻ ജനറേറ്ററുകൾ യുകെ ഇന്ത്യയിലേക്ക് അയക്കുന്നുവെന്നും രാജ്യത്തെ കൊവിഡ് രോഗികൾക്ക് ഈ ജീവൻ രക്ഷാ ഉപകരണങ്ങൾ സഹായകമാകുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: ഇന്ത്യൻ ആശുപത്രികളിലേക്ക് 1,000 വെന്‍റിലേറ്ററുകൾ കൂടി അയക്കാൻ യുകെ