കുപ്‌വാര: ഭീകരരെ സഹായിക്കുന്ന മൂന്നുപേരെ ജമ്മുവിലെ കുപ്‌വാര മേഖലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തു. മുഹമ്മദ് അമീർ, നിസാർ അഹമ്മദ്, കഫീൽ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. നിയന്ത്രണരേഖ കടന്ന് ജില്ലയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുകയും ആയുധമായോ പണമായോ ഭീകരരെ സഹായിക്കുകയും ചെയ്യുന്ന ഓവർ ഗ്രൗണ്ട് വർക്കർമാരാണ് (OGW) ഇവരെന്ന് കുപ്‌വാര പൊലീസ് അറിയിച്ചു.
സംഘത്തിന്‍റെ പക്കൽ നിന്നും ഒരു ചൈനീസ് പിസ്റ്റളും ഒരു മാഗസിനും 14 ലൈവ് കാട്രിഡ്‌ജുകളും കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് ഡെപ്യൂട്ടി എസ്‌പി സയ്യിദ് മജീദിന്‍റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ മുദാസിർ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള കർണ്ണാ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
താഴ്‌വരയിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കായി ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും ഭീകരപ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തീവ്രവാദ സംഘടനകൾക്ക് വേണ്ടിയാണ് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നറിയിച്ച പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൂട്ടിച്ചേർത്തു.
ALSO READ:പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു