ഹൈദരാബാദ്: രംഗറെഡ്ഡി ജില്ലയിൽ ദമ്പതികൾ നടത്തുന്ന വേശ്യാലയത്തിൽ നിന്ന് 17കാരിയെ ബാലാപൂർ പൊലീസ് രക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്‌തു. രഹന ബീഗം-സയ്യിദ് അബൂബക്കർ ദമ്പതികൾ, സുഹൃത്തായ സൽമാ ബീഗം എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയ്‌ക്കിടെ മറ്റൊരാൾ രക്ഷപ്പെട്ടു. പ്രതികളിൽ നിന്ന് 2,420 രൂപയും മൂന്ന് സെൽ ഫോണുകളും ഗർഭനിരോധന ഉറകളും പൊലീസ് കണ്ടെടുത്തു.
രംഗറെഡ്ഡിയിലെ ബാലാപൂർ സ്റ്റേഷൻ പരിധിയിലുള്ള റോയൽ കോളനിയിലെ ഒരു വീട്ടിൽ അനാശാസ്യം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന് പിന്നാലെയായിരുന്നു പരിശോധന. മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകളും (Anti Human Trafficking Units) പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിനിയായ പെൺകുട്ടിയെയാണ് രക്ഷപ്പെടുത്തിയത്.
ALSO READ: വൈദ്യശാല നടത്തിപ്പുകാരന്‍റെ വീട്ടില്‍ ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും; രണ്ട് പേര്‍ പിടിയില്‍
എളുപ്പത്തിൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേശ്യാലയം നടത്താനുള്ള തീരുമാനത്തിലെത്തിയതെന്ന് ദമ്പതികൾ പറയുന്നു. ഇതിനായി സുഹൃത്തായ സൽമാ ബീഗത്തിന്‍റെ സഹായം തേടുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് ഇതിനായി രഹന ചന്ദ്രയാങ്കുട്ടയിൽ നിന്ന് റോയൽ കോളനിയിലേക്ക് താമസം മാറിയത്. ചന്ദ്രയാങ്കുട്ടയിൽ താമസിച്ചിരുന്ന സമയത്ത് 17കാരിയായ പെൺകുട്ടി ജോലിക്കായി രഹനയെ സമീപിക്കുകയായിരുന്നു. ജോലി നൽകാമെന്ന് ഉറപ്പുനൽകിയ രഹന അയൽവാസിയായ പെൺകുട്ടിയെ അനാശാസ്യത്തിനായി കൊണ്ടുവരികയായിരുന്നു.
വേശ്യാലയത്തിലേക്ക് എത്തുന്ന ആളുകളിൽ നിന്ന് 2000 രൂപയോളം വാങ്ങി, അതിൽ നിന്ന് പകുതി തുക പെൺകുട്ടിക്ക് നൽകുകയാണ് പതിവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.