മുംബൈ : മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അജയ് കുമാര്‍ വിനോദ് ജയ്‌സ്വാള്‍, മുന്ന യാദവ്, അക്രം ചൗധരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 2020 നവംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ പെണ്‍കുട്ടിയെ പ്രതികള്‍ പലവട്ടം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിതാവിനൊപ്പം വാടക വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പിതാവ് മരിച്ചതോടെ പെണ്‍കുട്ടിയെ വീട്ടുടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു.
തുടര്‍ന്ന് പെണ്‍കുട്ടി വസായ് റെയില്‍വേ സ്റ്റേഷന് സമീപത്ത് കഴിയുകയായിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയതെന്ന് റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രദീപ് യാദവ് പറഞ്ഞു.
പലവട്ടം പീഡനത്തിനിരയായി
ഓഗസ്റ്റ് മൂന്നിന് വസായ് റെയില്‍വേ സ്റ്റേഷന് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി.
തെരുവില്‍വച്ച് പല വട്ടം പീഡനത്തിനിരയായതായി പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. അജയ് എന്നൊരാളുടെ പേര് മാത്രമാണ് പെണ്‍കുട്ടി പറഞ്ഞത്.
ഓഗസ്റ്റ് 10ന് മുഖ്യ പ്രതിയായ അജയ് കുമാര്‍ വിനോദ് ജയ്‌സ്വാളിനെ പൊലീസ് പിടികൂടി. ഇയാളില്‍ നിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
മുന്ന യാദവ്, അക്രം ചൗധരി എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
Read more: മൈസൂരു കൂട്ടബലാത്സംഗം : നാല് പേര്‍ പിടിയില്‍