ന്യൂഡല്‍ഹി: ഓക്സികന്‍ ഫ്ലോ മീറ്ററുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തുന്ന മൂന്നു പേരെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കരണ്‍ജീത് സിംഗ് (20), ഭാനു (21), അരുൺ ഗുപ്ത (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 36 ഫ്ലോ മീറ്ററുകളും 2 ഇരു ചക്രവാഹനങ്ങളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ നിന്നും പ്രതികള്‍ ആദ്യം വിദഗ്ദമായി ഒഴിഞ്ഞ് മാറിയെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Also Read: കൊവിഡ് പ്രതിസന്ധി: ഫ്രാന്‍സില്‍ നിന്നും 40 ടണ്‍ ഓക്സിജന്‍ ഇന്ത്യയിലെത്തിച്ചു
മാര്‍ക്കറ്റില്‍ ഓക്സിജന്‍ ഫ്ലോ മീറ്ററുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ പെട്ടെന്ന് പണമുണ്ടാക്കാനാണ് 5000 രൂപ നിരക്കില്‍ ഇവ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് ഇവര്‍ ഓക്സിജന്‍ ഫ്ലോ മീറ്ററുകള്‍ വാങ്ങിയത്.
ഡല്‍ഹിയിലെ ബുരാരി പ്രദേശത്തിനടുത്ത് ഫ്ലോ മീറ്ററിന് 5000 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംഭവം ഗൗരവകരമായാണ് കാണുന്നതെന്നും, കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.