കോട്ട: രാജസ്ഥാനിലെ കോട്ടയിൽ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. വ്യാഴാഴ്‌ച (മാര്‍ച്ച് 30) ഉണ്ടായ സംഭവത്തില്‍ ലളിത്, അഭിഷേക്, മഹേന്ദ്ര എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
കോട്ട ജില്ലയിലെ സുൽത്താൻപൂരിന് അടുത്തുള്ള കോത്ര ദീപ്‌സിങ് ഗ്രാമത്തിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ഘോഷയാത്രയിൽ അഖാഡ (Akhada) എന്ന ആയോധന കല യുവാക്കള്‍ അവതരിപ്പിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന ആയുധം വൈദ്യുതി ലൈനില്‍ തട്ടുകയും ഷോക്ക് എല്‍ക്കുകയുമായിരുന്നു. ഏഴ് യുവാക്കളാണ് അഖാഡ അവതരിപ്പിച്ചിരുന്നതെങ്കിലും ഒരാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിമാൻഷു, രാധശ്യാം, അമിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ബുദ്ധാദിത് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം: രാമനവമിയോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ ഇടങ്ങളിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തത്. ബംഗാളിലെ ഹൗറ, മഹാരാഷ്‌ട്രയിലെ ഔറംഗാബാദ്, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിലാണ് സംഭവം. തീവ്ര ഹിന്ദുത്വവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടലിൽ നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാവുകയും കടകള്‍ പൂര്‍ണമായി തകര്‍ക്കുകയും ചെയ്‌തു. പ്രദേശത്ത് കലാപം നിയന്ത്രണ വിധേയമാക്കാന്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.
ഔറംഗാബാദ് കിരാദ്‌പുരയിൽ ബുധനാഴ്‌ച (മാര്‍ച്ച് 29) രാത്രി യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കിരാദ്‌പുര പ്രദേശത്ത് രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സംഭവം. പ്രദേശത്തെ മുസ്‌ലിം പള്ളിക്ക് പുറത്ത് ഉച്ചത്തില്‍ പാട്ടുവച്ച് മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണ് ചെയ്‌തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് ജീപ്പുകള്‍ ഉള്‍പ്പെടെ 20 വാഹനങ്ങളാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്.
വിലക്ക് ലംഘിച്ച് രാമനവമി ഘോഷയാത്ര: വടക്ക് പടിഞ്ഞാറൻ ഡൽഹി പ്രദേശമായ ജഹാംഗിർപുരിയിൽ വിലക്ക് ലംഘിച്ച് രാമനവമിയുമായി ബന്ധപ്പെട്ട് ഘോഷയാത്ര നടത്തി. 2022ല്‍ വർഗീയ സംഘർഷമുണ്ടായ ഇടമാണ് ജഹാംഗിർപുരി. ക്രമസമാധാന പ്രശ്‌നം ഉണ്ടാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടി രാമനവമി ഘോഷയാത്രയ്‌ക്കും റമദാന്‍ റാലിക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ഇന്നലെ (മാര്‍ച്ച് 30) നൂറുകണക്കിന് പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
വൈദ്യുതാഘാതമേറ്റ് സൈനികന് ദാരുണാന്ത്യം: പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ന്യൂ ജൽപായ്‌ഗുരിയില്‍ വൈദ്യുതാഘാതമേറ്റ് സൈനികന് ദാരുണാന്ത്യം. റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മനീഷ് മേത്ത എന്ന സൈനികന്‍ മരിച്ചത്. സൈന്യത്തിലെ 18/1ഒ റോക്കറ്റ് യൂണിറ്റിലായിരുന്നു ഇദ്ദേഹം സേവനമനുഷ്‌ഠിച്ചത്.
ഷോക്കേറ്റ ഉടന്‍ സൈനികനെ ജൽപായ്‌ഗുരി റെയിൽവേ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ചികിത്സയ്ക്കായി സിലിഗുരിക്ക് സമീപമുള്ള ബെംഗ്‌ദുബി ആർമി ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.