കോയമ്പത്തൂർ (തമിഴ്‌നാട്) : അനാഥാലയത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ മൂന്ന് കുട്ടികൾ മരിച്ചു. 11 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച കുട്ടികൾ 8 മുതൽ 13 വയസ് വരെ പ്രായമുള്ളവരാണ്.
തമിഴ്‌നാട് തിരുപ്പൂരിലെ ഒരു സ്വകാര്യ ഓർഫനേജിലാണ് സംഭവം. ബുധനാഴ്‌ച രാത്രി ഭക്ഷണം കഴിച്ചതുമുതൽ കുട്ടികളിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെയാണ് കുട്ടികളുടെ നില അതീവഗുരുതരമായതെന്ന് പൊലീസ് പറഞ്ഞു. ഉടനെ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്ര പരിചരണത്തിനായി തിരുപ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മൂന്ന് കുട്ടികളും മരിച്ചത്. സംഭവത്തെ തുടർന്ന് കുട്ടികൾ കഴിച്ച ആഹാരത്തിന്‍റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് തിരുപ്പൂർ ജില്ല കലക്‌ടർ എസ് വിനീത് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.