ഹൈദരാബാദ്: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയില്‍ സഹോദരങ്ങളായ മൂന്ന് പേരെ തട്ടികൊണ്ടു പോയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. നേരത്തെ കേസില്‍ മുന്‍മന്ത്രിയും ടിഡിപി അംഗവുമായ ഭൂമ അഖില പ്രിയ അറസ്റ്റിലായിരുന്നു. ഇവരെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുര്‍ണൂല്‍ സ്വദേശി ഭോയ സമ്പത്ത് കുമാര്‍ (22), അനന്ദ്‌പൂര്‍ സ്വദേശി നാഗരദൂദി മല്ലികാര്‍ജുന റെഡ്ഡി (32), കടപ്പ സ്വദേശി ദോര്‍ലു ബാലച്ചെന്നയ്യ എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായതെന്ന് ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. ബൊവെന്‍പള്ളി പൊലീസും, കമ്മിഷണറുടെ ടാസ്‌ക് ഫോഴ്‌സുമാണ് സംയുക്തമായി പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അഞ്ജനി കുമാര്‍ വ്യക്തമാക്കി.
മുന്‍ മന്ത്രി ഭൂമ അഖില പ്രിയയുടെ കുടുംബത്തിന്‍റെ പിഎയാണ് അറസ്റ്റിലായ മല്ലികാര്‍ജുന റെഡ്ഡി. ഇയാള്‍ മിയാപൂരിലെ മൊബൈല്‍ കടയില്‍ നിന്നും ജനുവരി 2, 3 തീയതികളില്‍ ആറ് സിംകാര്‍ഡുകളും ആറ് മൊബൈല്‍ ഫോണുകളും വാങ്ങുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ഇതില്‍ ഒരു സിം കാര്‍ഡ് ഭൂമ അഖില പ്രിയക്ക് വേണ്ടിയായിരുന്നു. കുറ്റം ചെയ്യുന്നതിനായി കുക്കട്ട് പള്ളിയിലെ പ്രധാ ഗ്രാന്‍ഡ് ഹോട്ടലില്‍ പ്രതികള്‍ മുറിയെടുത്തിരുന്നു. ഭൂമ അഖില പ്രിയയും, ഭാര്‍ഗവ റാമും, ഗുണ്ടൂര്‍ ശ്രിനുവുമാണ് മൂന്ന് സഹോദരങ്ങളെ തട്ടികൊണ്ടുപോവാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്‌തത്. എംജിഎം സ്‌കൂളില്‍ വെച്ചാണ് പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് സഹോദരങ്ങളുടെ വീട്ടിലേക്ക് പോയതെന്നും പൊലീസ് പറഞ്ഞു. പ്രതികളായ ഗുണ്ടൂര്‍ ശ്രിനുവിനും, ഭാര്‍ഗവ റാമിനും അഖില പ്രിയയുടെ സന്ദേശങ്ങള്‍ നിരന്തരം ലഭിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. കേസില്‍ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.