അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറിലെ ഡിഎവി സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ പിടിയില്‍. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസിന്‍റെ സൈബർ സെൽ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികളാണ് അഭ്യൂഹം പ്രചരിപ്പിച്ചത് എന്ന് കണ്ടെത്തി.
പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും എന്നാൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ സ്‌കൂളും നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ പല്ലവി സേത്തി പറഞ്ഞു. സെപ്‌റ്റംബര്‍ 8ന് സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇന്‍സ്റ്റാഗ്രാം വഴിയാണ് സന്ദേശം ലഭിച്ചത്.
വാട്‌സ്ആപ്പ് വഴി മറ്റൊരു സന്ദേശവും ലഭിച്ചിരുന്നു. ഇംഗ്ലീഷിലും ഉറുദുവിലുമായി ലഭിച്ച സന്ദേശത്തിന് കീഴില്‍ പാകിസ്ഥാന്‍റെ പതാകയും ഉള്‍പ്പെടുത്തിയിരുന്നു. സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം വൈറലായതോടെ എല്ലാവരും പരിഭ്രാന്തരായി.