മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍റെയും ധര്‍മേന്ദ്രയുടെയും വസതികളില്‍ ആക്രമണം നടത്തുമെന്ന് അജ്ഞാതന്‍റെ ഭീഷണി സന്ദേശം. ഇരു താരങ്ങളുടെയും മുംബൈയിലുള്ള ബംഗ്ലാവുകള്‍ക്ക് കത്തിക്കുമെന്നാണ് നാഗ്‌പൂര്‍ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കെത്തിയ അജ്ഞാതന്‍റെ ഭീഷണി. ഇവരെക്കൂടാതെ ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ മുംബൈയിലുള്ള ആഡംബര വസതിയായ അന്‍റ്റീലിയയിലും സ്‌ഫോടനമുണ്ടാകുമെന്ന് അജ്ഞാതന്‍ ഭീഷണ മുഴക്കി.
- " class="align-text-top noRightClick twitterSection" data="
">
ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ നാഗ്‌പൂര്‍ പൊലീസ് മുംബൈ പൊലീസിനെ വിവരമറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍കോള്‍ എത്തിയത് മുംബൈയുമായി അടുത്തുകിടക്കുന്ന പല്‍ഘാറിലെ ശിവജി നഗര്‍ പ്രദേശത്ത് നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം നാഗ്‌പുര്‍ ലകഡ്ഗഞ്ചില്‍ സ്ഥിതി ചെയ്യുന്ന കണ്‍ട്രോള്‍റൂമായ 112 ഹോട്ട് ലൈനിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശമെത്തിയത്.
സ്‌ഫോടന സന്ദേശം ഇങ്ങനെ: ഫോണ്‍ എടുത്ത പൊലീസ് ഉദ്യോഗസ്ഥനോട് ഏതാണ്ട് 25 വയസ് പ്രായം തോന്നിക്കുന്ന രണ്ടുപേരാണ് ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍റെയും ധര്‍മേന്ദ്രയുടെയും ലോകസമ്പന്നനായ മുകേഷ് അംബാനിയുടെയും വീടുകളില്‍ സ്‌ഫോടനമുണ്ടാകുമെന്നറിയിച്ചത്. ഉടന്‍ തന്നെ നാഗ്‌പൂര്‍ പൊലീസ് മുംബൈ പൊലീസിന് വിവരം കൈമാറുകയും പ്രാരംഭ അന്വേഷണം തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും ഇസഡ് പ്ലസ് സുരക്ഷ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അംബാനിക്കും കുടുംബത്തിനും സുരക്ഷയൊരുക്കിയ നടപടിയോട് സമ്മിശ്ര പ്രതികരണങ്ങളാണെത്തുന്നത്. അംബാനി കുടുംബത്തെ സംരക്ഷിക്കണമെന്നും അവരുടെ ജീവനില്‍ ആശങ്കയുയര്‍ത്തിയും ചിലര്‍ രംഗത്തെത്തിയപ്പോള്‍, മുകേഷ് അംബാനിക്ക് സ്വന്തമായി സുരക്ഷാഭടന്മാര്‍ ഉണ്ടായിരിക്കെ സാധാരണക്കാരന്‍റെ പണം എന്തിന് നഷ്‌ടപ്പെടുത്തുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം.