തിരുവനന്തപുരം : പേട്ടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായി പരാതി(Thiruvananthapuram Petta Merchant Attacked). മധുമോഹന്‍ (31)നെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായാണ് പരാതി നല്കിയത്. ഇയാളുടെ ഭാര്യ സുജാതയാണ് പേട്ട പോലീസില്‍ പരാതി നല്കിയത്. മധുരെ സ്വദേശിയായ മധുമോഹന്‍ ആനയറ, മഹാരാജാ ഗാര്‍ഡന്‍സിലാണ് താമസം. ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് അതിക്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഈ മാസം ഏഴിനാണ് മധുമോഹനെ തട്ടിക്കൊണ്ടു പോയതെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ സംഘം ഇയാളെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ട് പോവുകയും തടങ്കലില്‍ വെയ്ക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ആദ്യം 2 ലക്ഷം രൂപയും പിന്നീട് 5 ലക്ഷവും പത്ത് ലക്ഷവും മോചനദ്രവ്യമായി ആവശ്യപ്പെട്ടു. പണം കിട്ടിയില്ലെങ്കില്‍ കൊന്ന് കളയുമെന്ന് പറയുന്ന വീഡിയോ മധുമോഹന്‍റെ അനുജന്‍റെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുക്കുകയും ചെയ്‌തുവെന്ന് പോലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നു. മഥുര സ്വദേശിയായ രഘുരാമനാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഭീഷണിക്ക് വഴങ്ങി പൈസ നല്കാനുള്ള ശ്രമത്തിലായിരുന്നു പരാതിക്കാരി. എന്നാല്‍ പണം കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്ന് എഫ് ഐ ആറില്‍ പറയുന്നു.