നെല്ലൂർ (ആന്ധ്രാപ്രദേശ് ): അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മോഷണം. നെല്ലൂർ കോടതി സമുച്ചയത്തിലെ നാലാം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ച അർധരാത്രിയോടെയാണ് മോഷണം നടന്നത്. കോടതിയിൽ പ്രവേശിച്ച മോഷ്‌ടാക്കൾ ഒരു പ്രമുഖ കേസിന്‍റെ സുപ്രധാന രേഖകളും ഏതാനും ഇലക്‌ട്രോണിക് ഉപകരണങ്ങളും അപഹരിച്ചു.
വ്യാഴാഴ്‌ച രാവിലെയാണ് കോടതി ജീവനക്കാർ മോഷണം നടന്നതായി കണ്ടെത്തിയത്. കോടതി ബഞ്ച് ക്ലാർക്കിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ ബാഗ് കോടതിക്ക് പുറത്തുള്ള കലുങ്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. എന്നാൽ ചില രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
Also Read: സോനം കപൂറിന്‍റെ വീട്ടിലെ 2.4 കോടിയുടെ കവര്‍ച്ച : യുവതിയും ഭര്‍ത്താവും പിടിയില്‍
കോടതി പരിസരത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിൽ പരിശോധന നടത്തിവരികയാണ്. അഞ്ച് ദിവസം മുൻപ് മന്ത്രിയായ കക്കാനി ഗോവർദ്ധൻ റെഡ്ഡിക്കെതിരെ മുതിർന്ന ടിഡിപി നേതാവ് സോമിറെഡ്ഡി ചന്ദ്രമോഹൻ റെഡ്ഡി നൽകിയ കള്ളപ്പണക്കേസിലെ രേഖകളാണ് മോഷണം പോയതെന്ന് പൊലീസ് പറയുന്നു. ഡിസംബർ 2017ന് കക്കാനി മുൻമന്ത്രി സോമിറെഡ്ഡി വിദേശരാജ്യങ്ങളിൽ ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതായി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില രേഖകളും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകി.
തുടർന്ന് കക്കാനി വ്യാജരേഖ ചമച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സോമിറെഡ്ഡി നെല്ലൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കക്കാനിക്കെതിരെ കോടതിയിൽ മാനനഷ്‌ടക്കേസും ഫയൽ ചെയ്തിരുന്നു. അന്വേഷണത്തിൽ കക്കാനി നൽകിയ രേഖകൾ വ്യാജമാണെന്ന് തെളിയുകയും ഇയാള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കക്കാനി വ്യാജമായി ചമച്ച രേഖകൾ തന്നെയാണോ മോഷണം പോയത് എന്നത് വ്യക്തമല്ല.