ജിന്ദ്: തൊണ്ടിമുതലായ 1,710 ഡോസ് കൊവിഡ് -19 വാക്സിനുകള്‍ തിരികെ നല്‍കി മോഷ്ടാവ്. കുറ്റകൃത്യം നടത്തി മണിക്കൂറുകള്‍ക്കമാണ് കള്ളന്‍ മോഷണ മുതല്‍ തിരികെ നല്‍കിയത്. ഹരിയാനയിലെ ജിന്ദ് നഗരത്തിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ജിന്ദിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള ചായക്കടയിൽ നിന്ന് വ്യാഴാഴ്ചയാണ് ക്ഷമാപണകുറിപ്പോടു കൂടി വാക്സിന്‍ കിറ്റുകള്‍ കണ്ടെത്തിയത്.
"ക്ഷമിക്കണം... ഇത് കൊവിഡ് വൈറസ് വാക്സിൻ ആണെന്ന് എനിക്കറിയില്ലായിരുന്നു." എന്ന കുറിപ്പോടെയായിരുന്നു മോഷ്ടാവ് തൊണ്ടിമുതല്‍ കടയില്‍ ഉപേക്ഷിച്ചിരിക്കുന്നത്. കവർച്ചക്കാരനെ കണ്ടെത്താനായി ചായക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. റെംഡെസിവിർ കുത്തിവയ്പ്പാണെന്ന് കരുതിയായിരിക്കാം കള്ളൻ വാക്സിനുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.