ഹൈദരാബാദ് (തെലങ്കാന): 28-ാം വയസിൽ മോഷണത്തിൽ സെഞ്ച്വറി കടന്ന് പൊലീസിനെ വരെ അത്‌ഭുതപ്പെടുത്തിയ കള്ളനെ ഓസ്‌മാനിയ യൂണിവേഴ്‌സിറ്റി ഡിവിഷൻ പൊലീസ് ഇന്ന് പിടികൂടി (Notorious thief arrested by Osmania University police). തെലങ്കാനയിലെ ഗഡ്‌വാൾ ജില്ലയിൽ തുമുകുന്ത ഗ്രാമത്തിലെ രത്‌ലാവത് ശങ്കർ നായിക് (28)നെയാണ് പൊലീസ് (Osmania University police) അതിവിദഗ്‌ദമായി പിടി കൂടിയത്. ഓസ്‌മാനിയ യൂണിവേഴ്‌സിറ്റി എസിപി എസ് സൈദയ്യ, ഇൻസ്‌പെക്ടർ ആഞ്ജനേയുലു, ഡിഐ ശ്രീനിവാസ റാവു, എസ്‌ഐ യാസിൻ അലി, എഎസ്‌ഐ ഈശ്വർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അടുത്ത കാലങ്ങളിലായി ഇയാളുടെ മോഷണ പരമ്പരകൾ നിരീക്ഷിച്ചു വരികയായിരുന്നു പൊലീസ്. പ്രതിയിൽ നിന്ന് 13.50 ലക്ഷം രൂപയുടെ ആഭരണങ്ങൾ, ഇരുചക്ര വാഹനം, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും പല പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ അനവധി കേസുകളുണ്ട്.
നല്ല വിദ്യാഭ്യാസം നേടിയ ആളാണ് രത്‌ലാവത്. 2012-ൽ ഇയാൾ ബി ഫാം പൂർത്തിയാക്കിയിട്ടുണ്ട്. വധശ്രമക്കേസിൽ ഗഡ്‌വാൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീടാണ് ഇയാളുടെ ജീവിതം മാറി മറിയുന്നത്. ജയിലിൽ വെച്ച് മോഷണക്കേസിൽ അറസ്റ്റിലായ ഒരു യുവാവിനെ പരിചയപ്പെടുകയും ജയിൽ മോചിതനായ ശേഷം പണത്തിനായി മോഷണം തുടങ്ങുകയുമായിരുന്നു.
കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരിക്ക് അടിമയാണ് രത്‌ലാവത്. മോഷ്‌ടിച്ചെടുത്ത വിലപിടിപ്പുള്ള വസ്‌തുക്കൾ വിറ്റും പണയം വച്ചും കിട്ടിയ പണം കൊണ്ട് വിലകൂടിയ വസ്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് ഇയാൾ ആഡംബര ജീവിതം നയിക്കുന്നത്. വലിയ ലോഡ്‌ജുകളിലും ഹോട്ടലുകളിലുമാണ് താമസം.
പൊലീസിനെ വരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇയാൾ മോഷണം നടത്തുന്നത്. പുരുഷന്മാരോട് പ്രിയമുള്ളതിനാൽ തന്നെ അവർക്കാവശ്യമായ എന്ത് കാര്യവും ചെയ്യാൻ രത്‌ലാവത് തയ്യാറാണ്. ആർക്കെങ്കിലും പണം ആവശ്യമാണെന്ന് അറിഞ്ഞാൽ അന്നുതന്നെ വീടു കുത്തിത്തുറന്ന് നിമിഷങ്ങൾക്കകം പണവും ആഭരണങ്ങളും അപഹരിക്കുന്നത് ഇയാളുടെ പ്രത്യേകതയാണ്.
വ്യത്യസ്‌തനായ കള്ളൻ: പല തരത്തിലുള്ള മോഷണ കഥകൾ കേട്ടിട്ടുണ്ടെങ്കിലും കള്ളന്മാരിൽ തന്നെ വ്യത്യസ്‌തനാണ് രത്‌ലാവത്. എവിടെ കവർച്ച നടത്തിയാലും അവിടെ ഒരു കുറിപ്പ് അവശേഷിപ്പിച്ചാണ് ഇയാൾ മടങ്ങുക. ഇതിന് പിന്നിലും ഒരു കഥയുണ്ട്. രത്‌ലാവത് ഒരു വീട്ടിൽ നിന്നും 10 പവൻ കവർന്നു. എന്നാൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത് 20 പവൻ മോഷ്‌ടിച്ചതായാണ്. പൊലീസ് പിടിയിലായപ്പോൾ ഇയാൾ സത്യം ബോധിപ്പിച്ചെങ്കിലും ഇയാളുടെ വാക്കുകൾ ആരും വിശ്വസിച്ചില്ല.
ഇതോടെ എവിടെ മോഷണം നടത്തുമ്പോഴും ഒരു കുറിപ്പെഴുതി മോഷണം നടത്തിയ സ്ഥലത്ത് വെയ്‌ക്കാനും തന്‍റെ ഡയറിയിൽ രേഖപ്പെടുത്താനും രത്‌ലാവത് മറക്കില്ല.
പകൽ സമയങ്ങളിൽ വീടുകൾ നിരീക്ഷിച്ച് വെച്ച് ഉചിതമായ വീട് തെരഞ്ഞെടുത്ത് രാത്രി വീടിന്‍റെ പൂട്ട് തകർത്ത് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്‌ടിക്കുന്നതാണ് രത്‌ലാവതിന്‍റെ ശൈലി. കൈയ്യിലെ പണം തീരുമ്പോൾ ഇയാൾ വീണ്ടും മോഷണത്തിനിറങ്ങും.