കോലാപൂർ : പട്ടാപ്പകൽ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിൽ ഉടമ ഇരിക്കവേ മോഷണം. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് അഞ്ചംഗ സംഘം അതിവിദഗ്‌ധമായി കാറിൽനിന്നും പണമടങ്ങിയ ബാഗും മൊബൈൽ ഫോണുകളും കവര്‍ന്നത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം വെളിച്ചത്തായി.
കോലാപൂരിലെ റെയിൽവേ ക്രോസിങ്ങിന് സമീപത്തുവച്ചായിരുന്നു സംഭവം. സംഘത്തിലെ ഒരാൾ കാറിന് മുന്നിലേക്ക് നോട്ടുകൾ എറിഞ്ഞു. ശേഷം കാറുടമയോട് അവരുടെ പണം താഴെ കിടക്കുന്നതായി പറഞ്ഞ് ശ്രദ്ധ മാറ്റി. പിന്നാലെ വന്ന, സംഘത്തിലെ മറ്റംഗങ്ങളിൽ ചിലർ കാറിന്‍റെ മറുവശത്തുചെന്ന് വാഹനത്തിനുള്ളിലെ ബാഗും മൊബൈൽ ഫോണുകളും മോഷ്‌ടിക്കുകയും ചെയ്‌തു. തുടര്‍ന്ന് സ്ഥലം വിട്ടു.
ALSO READ: ഹരിയാനയില്‍ പട്ടാപകല്‍ വാനില്‍ നിന്ന് ഒരു കോടി രൂപ കൊള്ളയടിച്ചു
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്‌ടാക്കൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഷാഹുപുരി പൊലീസ് അറിയിച്ചു. ജനത്തിരക്കുള്ളയിടത്താണ് ഇത്തരത്തില്‍ കവര്‍ച്ചയെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും മോഷ്‌ടാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.