ഹൈദരാബാദ് : ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ നിരനിരയായി ഉയർന്നതിന് പിന്നാലെ ഈ വിഷയങ്ങളും സെക്യൂരിറ്റീസ് വിപണിയിൽ അടുത്ത കാലത്തുണ്ടായ ചാഞ്ചാട്ടവും അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.
മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രെയുടെ നേതൃത്വത്തിൽ ആറംഗ സംഘം ഉൾപ്പെടുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്. വിദഗ്‌ധ സമിതിയുടെ അന്വേഷണ സംവിധാനത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് അദാനി-ഹിൻഡൻബർഗ് തർക്കവും യുഎസ് ഷോർട്ട് സെല്ലേഴ്‌സ് റിപ്പോർട്ടിൽ നിന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും എന്താണെന്ന് നമുക്ക് പരിശോധിക്കാം.
എന്താണ് ഷോർട്ട് സെല്ലിംഗ് : കച്ചവടം നടക്കുമ്പോൾ വിൽപ്പനക്കാരന്‍റെ ഉടമസ്ഥതയിലല്ലാത്ത ഓഹരികൾ ഭാവിയിൽ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങുക എന്ന ലക്ഷ്യത്തോടെ വിൽക്കുന്ന പ്രക്രിയയാണ് ഷോർട്ട് സെല്ലിങ്. ഈ തന്ത്രം നടപ്പിലാക്കുന്നതിനായി ഷോർട്ട് സെല്ലർമാർ ഓഹരികൾ കടം വാങ്ങുകയും അവയുടെ നിലവിലെ വിപണി മൂല്യത്തിൽ വിൽക്കുകയും ചെയ്യുന്നു.
ശേഷം സ്റ്റോക്ക് വില കുറയുമ്പോൾ അവ തിരികെ വാങ്ങുകയും ചെയ്യുന്നു. വിൽപ്പന വിലയും തിരിച്ച് വാങ്ങുന്ന വിലയും തമ്മിലുള്ള മൂല്യത്തിലെ വ്യത്യാസത്തിൽ നിന്നാണ് ലാഭ മാർജിൻ ലഭിക്കുന്നത്. ചുരുക്കത്തിൽ, സ്റ്റോക്ക് അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികളുടെ വില ഇടിവ് പ്രതീക്ഷിച്ച് നടത്തുന്ന ഒരു നിക്ഷേപ ചൂതാട്ടമാണിത്.
അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ : അദാനി ഗ്രൂപ്പ് സ്റ്റോക്ക് വിലയിൽ വലിയ രീതിയിൽ കൃത്രിമം നടത്തി എന്നാണ് ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. അവരുടെ ആസ്‌തികളുടെ മൂല്യം വർധിപ്പിക്കുകയും, ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള വിവിധ ഓഫ്‌ഷോർ ഷെൽ എന്‍റിറ്റികളിലൂടെ അവരുടെ 75% ഓഹരികളിൽ നിയന്ത്രണം ചെലുത്തുകയും ചെയ്യുന്നു എന്നാണ് ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട്. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള 1957 ലെ സെക്യൂരിറ്റീസ് കോൺട്രാക്‌ട്‌സ് (റെഗുലേഷൻ) ചട്ടങ്ങളുടെ ലംഘനമാണ് ഈ നടപടികൾ.
മൊത്തം 2.2 ലക്ഷം കോടി രൂപയുടെ ഒന്നിലധികം വായ്‌പകൾ സുരക്ഷിതമാക്കാൻ ആസ്‌തികൾ പ്രയോജനപ്പെടുത്തി അദാനി ഗ്രൂപ്പ് ഗണ്യമായ തുക കടം എടുത്തതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. അദാനി ഗ്രൂപ്പ് ഈ വായ്‌പ അടവിൽ വീഴ്‌ച വരുത്തിയാൽ പണം കടം നൽകിയ ബാങ്കുകൾക്ക് അവരുടെ ഫണ്ടുകൾ തിരിച്ചുപിടിക്കാൻ കഴിയാതെ വരും. ഇത് അവരെ അപകടകരമായ അവസ്ഥയിലേക്കാകും എത്തിക്കുക.
കോടികളുടെ തട്ടിപ്പ്: പതിറ്റാണ്ടുകളായി വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും അദാനി ഗ്രൂപ്പ് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് സൂചിപ്പിക്കുന്നതാണ് ഈ ആരോപണങ്ങൾ. ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ തെറ്റായ മാർഗങ്ങളിലൂടെ 100 ബില്യൺ ഡോളറിലധികം ആസ്‌തി സമ്പാദിച്ച ഗൗതം അദാനിയെയും അദാനി ഗ്രൂപ്പിനെയും പ്രതിപ്പട്ടികയിലാക്കാം.
അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിലെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാലും അദാനി ഗ്രൂപ്പിന് ആശ്വസിക്കാൻ കഴിയില്ല. കാരണം അദാനി ഗ്രൂപ്പിന് ഇതിനകം തന്നെ ആസ്ഥിയിൽ കാര്യമായ നഷ്‌ടം സംഭവിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഗ്രൂപ്പിന്‍റെ ഓഹരി വിലകളിൽ 140 ബില്യൺ ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.
സുപ്രീം കോടതിയുടെ പങ്ക്: അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ സുപ്രീം കോടതിക്ക് മുമ്പാകെ നിരവധി ഹർജികൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. അദാനി സ്റ്റോക്ക് വിലകൾ തകർത്ത് ലാഭം ഉണ്ടാക്കാൻ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നതായിരുന്നു ഒരു വിഭാഗക്കാരുടെ ഹർജി. അതേസമയം അദാനി ഗ്രൂപ്പിന്‍റെ കള്ളത്തരങ്ങൾ അന്വേഷിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നാണ് മറ്റൊരു വിഭാഗം ഹർജി നൽകിയത്. പിന്നാലെയാണ് അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് അഭയ് മനോഹർ സാപ്രെയുടെ നേതൃത്വത്തിൽ കെ.വി കാമത്തും നന്ദൻ നിലേക്കനിയും അടങ്ങുന്ന വിദഗ്‌ധ സമിതി സമീപകാലത്ത് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായ പ്രസക്തമായ ഘടകങ്ങൾ ഉൾപ്പടെയുള്ള സ്ഥിതിഗതികളുടെ വിലയിരുത്തൽ നടത്തും. നിക്ഷേപകർക്കിടയിലുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും അദാനി ഗ്രൂപ്പിന്‍റെയും മറ്റ് കമ്പനികളുടെയും സെക്യൂരിറ്റീസ് മാർക്കറ്റ് നിയമങ്ങളുടെ ലംഘനങ്ങളും സമിതി അന്വേഷിക്കും.
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനുള്ള കാരണങ്ങള്‍ തിരിച്ചറിയുക, നിക്ഷേപകർക്കിടയിൽ അവബോധം ശക്തിപ്പെടുത്തുക, ഇന്ത്യൻ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുക എന്നതും ഈ സമിതിയുടെ കർത്തവ്യങ്ങളിൽ ഉൾപ്പെടും.
അദാനി ഗ്രൂപ്പുമായോ മറ്റ് കമ്പനികളുമായോ ബന്ധപ്പെട്ട സെക്യൂരിറ്റീസ് മാർക്കറ്റ് നിയമങ്ങളുടെ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണ പരാജയം ഉണ്ടായിട്ടുണ്ടോയെന്നും സമിതി അന്വേഷിക്കും. നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും നിക്ഷേപക സംരക്ഷണത്തിനായി നിലവിലുള്ളവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളും സമിതി സ്വീകരിക്കും.
അന്വേഷണ സമിതിയുടെ ചുമതലകൾ
- അടുത്ത കാലത്തായി സെക്യൂരിറ്റീസ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായ പ്രസക്തമായ കാരണ ഘടകങ്ങൾ ഉൾപ്പടെ, സാഹചര്യത്തിന്‍റെ മൊത്തത്തിലുള്ള വിലയിരുത്തൽ നൽകുക.
- നിക്ഷേപകരില്‍ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക
- അദാനി ഗ്രൂപ്പുമായോ മറ്റ് കമ്പനികളുമായോ ബന്ധപ്പെട്ട് സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനം കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണ പരാജയം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുക
- സ്റ്റാറ്റ്യൂട്ടറി/ റെഗുലേറ്ററി ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക (ii) നിക്ഷേപകരുടെ സംരക്ഷണത്തിനായി നിലവിലുള്ള ചട്ടക്കൂട് സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുക.
അതേസമയം നിക്ഷേപകരുടെ നഷ്‌ടം തടയുക എന്നതിലാണ് സുപ്രീം കോടതിയുടെ പ്രധാന ശ്രദ്ധയെന്ന് ഹർജിക്കാരിലൊരാളായ അഭിഭാഷകൻ വിശാൽ തിവാരി ഇടിവി ഭാരതിനോട് പറഞ്ഞു. 'നിക്ഷേപകരുടെ നഷ്‌ടം തടയുന്നതിനും, ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനും നിക്ഷേപകരുടെ പണവും നിക്ഷേപവും സുരക്ഷിതമാക്കാനും നിലവിലെ സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: അദാനി-ഹിൻഡൻബർഗ്: അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി നിലവിലെ സാഹചര്യം വിശകലനം ചെയ്യും. അദാനി ഗ്രൂപ്പിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്നും സമിതി അന്വേഷിക്കും. മറ്റ് മേഖലകളിൽ മുഴുവൻ ഷെയർ മാർക്കറ്റിനെയും നിയന്ത്രിക്കാൻ സെബി ഉപയോഗിക്കുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും കമ്മിറ്റി പരിശോധിക്കും' - വിശാൽ തിവാരി വ്യക്‌തമാക്കി.