പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി അല്പ നിമിഷം കൂടി... ദുല്‍ഖര്‍ സല്‍മാന്റേതായി (Dulquer Salmaan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ (King of Kotha) ആദ്യ ഗാനം 'കലാപക്കാരാ' ഇന്നെത്തും (ജൂണ്‍ 28). വൈകിട്ട് ആറ് മണിക്കാണ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങുക.
ഇപ്പോഴിതാ ഗാനത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. 'പെപ്പി ഡാന്‍സ് നമ്പര്‍ കലാപക്കാരാ ഇന്ന് വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. നൃത്തം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ?' -ദുല്‍ഖര്‍ സല്മാന് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
കലാപക്കാരയുടെ സ്നീക്ക് പീക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സ്നീക്ക് പീക്ക് പങ്കുവച്ച് കൊണ്ടാണ് ദുല്‍ഖര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലായാണ് ഗാനം റിലീസ് ചെയ്യുക. ഹിന്ദിയില്‍ ജല ജല ഹേ എന്നും, തമിഴില്‍ 'ഗലാട്ടാക്കാരന്' എന്നും, തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്ന ഗാനവുമാണ് പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ റിതിക സിങ് അഭിനയിക്കുന്ന ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടെന്ന വിവരം നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 'കലാപക്കാരാ' ഗാനത്തിന് വേണ്ടിയാകും റിതിക സിങ് എത്തുന്നത് എന്നാണ് സൂചന. ഈ ഗാനം വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Also Read: 'ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി' ; 'കിങ് ഓഫ് കൊത്ത'യുടെ ടീസര്‍ പുറത്ത്
അതേസമയം 'കിംഗ് ഓഫ് കൊത്ത'യുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. ഇക്കാര്യം ദുല്‍ഖര്‍ സല്മാന് തന്നെയാണ് അറിയിച്ചത്. 'ഞങ്ങള്‍ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്തു. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായത് കൊണ്ടല്ല അങ്ങനെ ചെയ്തത്. ആ സിനിമയുടെ ഒഴുക്കിന് തടസം ഉണ്ടാകരുതെന്നേ കരുതിയുള്ളൂ. ഒരു ഫ്ലോയില്‍ സിനിമ കാണുമ്പോള്‍ കുറച്ചു കൂടി വലുപ്പം അതിന് ആവശ്യമാണെന്ന് തോന്നി.
എന്റെ സിനിമകള്‍ക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയും ആ സിനിമ അര്‍ഹിക്കുന്നതും ആവശ്യമുള്ളതുമായ മറ്റ് കാര്യങ്ങള്‍ ഉറപ്പ് വരുത്താനുമാണ് ഒരു നടന് എന്ന നിലയില്‍ ഞാനൊരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. എന്റെ കരിയറിന്റെ തുടക്കത്തില്‍ നിര്‍മാണത്തിലോ മറ്റെന്തിലും കാരണം കൊണ്ടോ സിനിമകള്‍ കഷ്ടപ്പെടുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നടന് എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും എന്റെ സിനിമകള്‍ക്ക് എല്ലാം നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു' -ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത'യുടെ സംവിധാനം. അഭിലാഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Also Read: 'അതുമായി ഞാന്‍ പെട്ടെന്ന് പ്രണയത്തിലായി'; ആദ്യ ബോളിവുഡ് മ്യൂസിക് ആല്‍ബവുമായി ദുല്‍ഖര്‍