ഡെറാഡൂണ്‍: ഉന്നത സൈനിക ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച, ഡോക്‌ടറേറ്റുള്ള, മൂന്ന് പതിറ്റാണ്ട് ബ്യൂറോക്രാറ്റായ ഒരാൾ തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചാല്‍ എന്തുചെയ്യും..? സുഖകരമായി, പെൻഷനുമായി മുന്നോട്ടുള്ള ജീവിതം കുടുംബത്തോടൊപ്പം ആഹ്ളാദകരമാക്കിയേക്കും. എന്നാൽ, ഡോ. കമൽ തവോരിയുടെ കാര്യത്തില്‍ മറിച്ചാണ് സ്ഥിതിവിശേഷം.
പാരമ്പര്യ വിശ്വാസങ്ങളെ എതിർത്തിരുന്ന കമല്‍ 2006ൽ ഐഎഎസ് ഓഫിസര്‍ സേവനത്തില്‍ നിന്നും വിരമിച്ച ശേഷമാണ് വെല്ലുവിളി നിറഞ്ഞ സന്യാസ ജീവിതം തെരഞ്ഞെടുത്തത്. പുറമെ, തന്‍റെ യഥാര്‍ഥ നാമം ഉപേക്ഷിച്ച് സ്വാമി കമലാനന്ദ മഹാരാജ് എന്ന് പുനർനാമകരണം ചെയ്‌തു. സാമൂഹിക മേഖലകളിലുടനീളം നവീകരണത്തിന് തുടക്കമിടാനുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും ഔദ്യോഗിക ജീവിതത്തിലെന്ന പോലെ സന്യാസ ജീവിതത്തിലും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
'ശ്രദ്ധ വേണം കൃഷിയില്‍, രാജ്യം അഭിവൃദ്ധിപ്പെടും': കരസേനയിൽ ആറുവർഷത്തോളം സേവനമനുഷ്‌ഠിച്ച ശേഷം കേണൽ പദവിയിലെത്തി. 1968ൽ ഐഎഎസ് ഉദ്യോഗസ്ഥനായി. പില്‍ക്കാലത്ത് കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു വകുപ്പില്‍ സെക്രട്ടറി പദവിയിലും ഇരുന്നു. താരതമ്യേന പ്രാധാന്യമില്ലാത്ത വകുപ്പിലേക്ക് മാറ്റിയാലും അവിടെ ഭരണ തലത്തില്‍ മിടുക്ക് പുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. കഴിഞ്ഞ 16 വർഷമായി താൻ ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നം കൃഷിയെ സംബന്ധിച്ചുള്ളതാണെന്നും അദ്ദേഹം ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
"കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ രാജ്യവും അവിടുത്തെ ജനങ്ങളും വികസനത്തില്‍ മുന്നോട്ട് കുതിക്കും. ഒരു സന്യാസി എന്ന നിലയിൽ ഞാൻ ഇപ്പോൾ എന്‍റെ ജീവിതം ആദ്യാത്മിക കാര്യങ്ങളില്‍ ചെലവഴിക്കുന്നു. പുറമെ, പശുക്കളെ വളർത്തുന്നതില്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു''. ''പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗുരുകുലങ്ങൾ സ്ഥാപിക്കാൻ ഞാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. വികസനത്തിനായി ഗവൺമെന്‍റിനെ പൂർണമായും ആശ്രയിക്കുന്നതിന് പകരം ആളുകൾ സ്വയം പ്രാപ്‌തരാവണം'', അദ്ദേഹം പറഞ്ഞു.