അഴിമതി നിറഞ്ഞതും അധാര്‍മികവും, മനുഷ്യത്വരഹിതവുമായ രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികള്‍ കാരണം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് ഒരു പരിധി വരെ അതിന്‍റെ പവിത്രത നഷ്‌ടപ്പെട്ടിരിക്കുകയാണ്. പ്രലോഭനങ്ങളുടെ മേള എന്ന നിലയില്‍ പ്രസിദ്ധമാവുകയാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പ്. അടുത്തിടെ തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുളള എംപി രവീന്ദ്രനാഥിന്‍റെ തെരഞ്ഞെടുപ്പ് വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ച് വോട്ടര്‍മാര്‍ക്ക് സമ്മാനം നല്‍കി അവരെ സ്വാധീനിച്ചുവെന്നതാണ് രവീന്ദ്രനാഥിനെതിരെയുളള കേസ്. ഇത് പരിഗണിച്ച മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി വിധി പ്രസ്‌താവിച്ചു. ഈ സംഭവം എടുത്തുനോക്കിയാല്‍ ഇതേ രീതിയില്‍ എത്ര എംഎല്‍എമാരും എംപിമാരും തിരഞ്ഞെടുക്കപ്പെടും ?.
2018 ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് ബോണ്ടുകള്‍ വിതരണം ചെയ്‌തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജെഡി(എസ്) എംഎല്‍എ ആയിരുന്ന ഗൗരി ശങ്കര്‍ സ്വാമിയെ മാര്‍ച്ചില്‍ അയോഗ്യനാക്കിയിരുന്നു. ഇത്തരത്തില്‍ ജനാധിപത്യത്തെ പരിഹസിക്കുകയും വളഞ്ഞ വഴികളിലൂടെ വിജയിക്കുകയും ചെയ്‌തവരെ ഉടന്‍ പിരിച്ചുവിടണം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഭരണകാലം മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇങ്ങനെയുളളവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ എന്താണ് കാര്യം?.
ഏഴ് വര്‍ഷം മുന്‍പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുഖ്യ കമ്മിഷണര്‍ എന്ന നിലയില്‍ നസീം സെയ്‌ദി, തെറ്റായ വിവരങ്ങളുളള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ഇവരെ ആറ് വര്‍ഷത്തേക്ക് മറ്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. വോട്ടര്‍മാരെ അമിതമായി സ്വാധീനിക്കല്‍, കൈക്കൂലി എന്നീ കേസുകളില്‍ കുറ്റപത്രം രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ അതത് എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
2017ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഈ വ്യവസ്ഥിതിയെ ശുദ്ധീകരിക്കാന്‍ എന്നെങ്കിലും കഴിയുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ലോക്‌നായിക് ജയപ്രകാശ് നാരായണന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചതുപോലെ, യഥാര്‍ഥ രാഷ്‌ട്രീയം മനുഷ്യന്‍റെ സന്തോഷത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
ഇത്തരമൊരു ആശയം സ്വപ്‌നത്തില്‍ പോലും കാണാത്ത പാര്‍ട്ടികള്‍ കളളന്‍മാരും, നിയമവിരുദ്ധരും, അരാജകവാദികളുമായ നേതാക്കളെ ഉണ്ടാക്കുകയാണ്. ആളുകളെ പ്രേരിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വോട്ട് നേടാൻ കഴിയുന്നവരായി സ്ഥാനാര്‍ഥികള്‍ മാറുന്നു. നിയമസഭകളില്‍ പൊതുപ്രവര്‍ത്തകനായ ഒരു സാധാരണക്കാരനുപോലും കാലുകുത്താന്‍ കഴിയാത്തവിധം സമ്പന്നമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ്.
1999ലെ പൊതുപ്രചാരണത്തിനായി എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് 10,000 കോടി രൂപ വരെ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ഇത് 60,000 കോടി രൂപയായി ഉയര്‍ന്നതായി സിഎംഎസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും കൈകളിലേക്ക് ഒഴുകുന്ന പണത്തിന്‍റെ അളവ് ഊഹിക്കാന്‍ പോലും പ്രയാസമാണ്.
ഒരു ഉപതെരഞ്ഞെടുപ്പിനായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ 100 കോടി മുതല്‍ 500 കോടി വരെ ചെലവഴിച്ചുവെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കള്‍ ഒരു വോട്ടിന് 500 രൂപ വരെ വിതരണം ചെയ്യുന്ന സംഭവങ്ങള്‍ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. കൂലിപ്പണിക്കാരായ തൊഴിലാളികള്‍ക്ക് മദ്യവും അത്താഴവും നല്‍കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്.
ഏത് വിവരവും നിമിഷങ്ങള്‍ക്കുളളില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ വന്‍ തുക മുടക്കി പൊതുയോഗങ്ങള്‍ നടത്തുന്നതിന്‍റെ പ്രസക്‌തി എന്താണ്?. അതത് പാര്‍ട്ടികളുടെ പ്രത്യയശാസ്‌ത്രങ്ങളും പൊതുപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള പദ്ധതികളും ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കാതല്‍ രൂപപ്പെടുത്തണം. എന്നാല്‍ സമകാലിക രാഷ്‌ട്രീയ യുദ്ധക്കളത്തില്‍ അതെല്ലാം പുറന്തളളപ്പെടുകയാണ് ചെയ്യുന്നത്.
നികൃഷ്‌ടമായ, വൃക്തിപരമായ വിമര്‍ശനങ്ങള്‍, ജാതീയതയെ കുറിച്ചുളള വിദ്വേഷകരമായ അഭിപ്രായങ്ങള്‍, വര്‍ഗീയ പ്രസ്‌താവനകള്‍ എന്നിവ ഈ കാലത്ത് തെരഞ്ഞെടുപ്പ് റാലികളില്‍ ധാരാളമാണ്. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന ആശയം അതിവേഗം മങ്ങുകയാണ്. മോശം രാഷ്ട്രീയം കാരണം ഇന്ത്യൻ ജനാധിപത്യം ശ്വാസംമുട്ടുന്നു, അതിന് കടുത്തതും സമഗ്രവുമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ആവശ്യമാണ്.