ഷിംല: കൊത്തുപണികളാൽ മനോഹരമായ സ്‌റ്റീൽ പ്ലേറ്റുകൾ, മനോഹരമായ ശിൽപങ്ങൾ... വിരലുകളാൽ മാന്ത്രികത തീർക്കുകയാണ് ഹിമാചൽ പ്രദേശിലെ ചമ്പയിലെ ഒരു കൂട്ടം കരകൗശല വിദഗ്‌ധർ. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും അവരുടെ ഉത്‌പന്നങ്ങൾക്ക് നിരവധി ആവശ്യക്കാരാണുള്ളത്. പ്രകാശ് ചന്ദ് ആണ് ആദ്യമായി ഇത്തരത്തിലുള്ള കൊത്തുപണികൾ ആരംഭിച്ചത്. അദ്ദേഹത്തിന് രാഷ്‌ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പതിനൊന്ന് വയസുള്ളപ്പോഴാണ് പ്രകാശ് ചന്ദ് ഈ തൊഴിലിലേക്ക് പ്രവേശിച്ചത്. അദ്ദേഹത്തെ തേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകാശ് ചന്ദിന് 84 വയസായി. പ്രായാധിക്യത്താല്‍ തളർന്ന അദ്ദേഹത്തിന് കരകൗശല നിർമാണം തുടരാൻ കഴിയാത്ത അവസ്ഥയാണ് . എന്നാല്‍ ഈ കലാവൈഭവം മക്കളിലേക്കും പേരക്കുട്ടികളിലേക്കും അദ്ദേഹം കൈമാറി കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും ഈ തൊഴില്‍ തുടരുന്നുണ്ട്. സ്‌റ്റീൽ പ്ലേറ്റുകളിൽ അവർ കൊത്തിയെടുക്കുന്ന ചിത്രങ്ങളും നിര്‍മിക്കുന്ന ശിൽപങ്ങളുമൊക്കെ ഇന്ന് അന്താരാഷ്‌ട്ര വിപണിയിൽ പ്രശസ്‌തവുമാണ്.
പ്ലേറ്റുകളില്‍ കൊത്തുപണികള്‍ ചെയ്യുന്നതിനും ഛായാചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും അതി വൈദഗ്ധ്യവും സമയവും ആവശ്യമാണ്. ഒരു ഛായാചിത്രം പ്ലേറ്റുകളിലേക്ക് വരച്ചെടുക്കുന്നത് മൂന്ന് മുതൽ നാല് ദിവസം വരെ സമയം എടുക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികളുടെ ഛായാചിത്രങ്ങള്‍ പ്ലേറ്റുകളിൽ കൊത്തിയെടുക്കുകയും അത് അവർക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്ലേറ്റിൽ കൊത്തിയെടുത്ത് നൽകണമെന്നാണ് അദ്ദേഹത്തിന്‍റെ കൊച്ചു മകന്‍റെ ആഗ്രഹം.
ഭക്ഷണ മേശയിൽ ഉപയോഗിക്കുന്നതിന് പകരം വീടുകൾ അലങ്കരിക്കുന്നതിനും വിശേഷ അവസരങ്ങളിൽ മറ്റുള്ളവർക്ക് സമ്മാനിക്കാനും ജനങ്ങൾ ഈ പ്ലേറ്റുകൾ ഉപയോഗിക്കാറുണ്ട്. ശിൽപങ്ങൾ നിർമിക്കുന്നതിൽ ഈ കലാകാരൻമാർ വിദഗ്‌ധരാണെങ്കിലും ഈ ഉത്‌പന്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് ഏറെ കഠിനാധ്വാനവും സമയവും ആവശ്യമാണ്.
തൊഴിലില്ലായ്മയുടെ ഇക്കാലത്ത് യുവാക്കള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുകയാണ് കലാവിരുത്. എന്നാൽ ഈ മേഖലയിലെ പ്രതിസന്ധികൾ ഇന്നും തുടരുകയാണ്. ഇത്തരം കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല.
തന്നിലുള്ള കരവിരുതിന്‍റെ പാരമ്പര്യം ചമ്പാ ജില്ലക്ക് കൈമാറി കഴിഞ്ഞിരിക്കുകയാണ് പ്രകാശ് ചന്ദ്. സര്‍ക്കാര്‍ ഇവിടേക്ക് ശ്രദ്ധ ചെലുത്തുകയാണെങ്കിൽ യുവാക്കള്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങളാണ് ഈ മേഖല തുറന്നു വച്ചിരിക്കുന്നത്. മാത്രമല്ല ലോകത്തിനു മുൻപില്‍ ചമ്പയുടെ പേരില്‍ ഇനിയും ഒട്ടേറെ കരവിരുതുകള്‍ എഴുതി ചേര്‍ക്കപ്പെടുകയും ചെയ്യും.