മുംബൈ: ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടക്കാല ഉത്തരവിറക്കിയതിന് പിന്നാലെ, വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിനായുള്ള മൂന്ന് പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക കമ്മിഷന് സമർപ്പിച്ച് ഉദ്ധവ് താക്കറെ വിഭാഗം. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിനായി 'ത്രിശൂലം', 'ഉദയ സൂര്യൻ', 'ടോർച്ച്' എന്നീ ചിഹ്നങ്ങളാണ് താക്കറെ സമർപ്പിച്ചത്. കൂടാതെ 'ശിവസേന (ബാലാസാഹേബ് താക്കറെ)', 'ശിവസേന (പ്രബോധാങ്കർ താക്കറെ)', 'ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ)' എന്നീ മൂന്ന് പേരുകളും പാർട്ടിക്കായി താക്കറെ പക്ഷം നിർദേശിച്ചു.
തങ്ങളുടെ പാർട്ടി നാമം ശിവസേനയാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ ശിവസേനയുമായി ബന്ധപ്പെട്ട ഏതെങ്കിലും പേരുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുകയാണെങ്കിൽ തങ്ങളത് സ്വീകരിക്കുമെന്ന് താക്കറെ വിഭാഗം എംപി അരവിന്ദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
താക്കറെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഷിൻഡെ: അതേസമയം ഉദ്ധവ് താക്കറെ പക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഷിൻഡെ പക്ഷം രംഗത്തെത്തി. താക്കറെ വിഭാഗത്തിന് വോട്ടൊന്നും ലഭിക്കില്ലെന്നും പൊതുജന സഹതാപം നേടിയെടുക്കാനുള്ള തിരക്കിലാണവരെന്നും ഷിൻഡെ വിഭാഗം ആക്ഷേപിച്ചു. കഴിഞ്ഞ രണ്ടര വർഷമായി താക്കറെ ജനങ്ങൾക്കായി ഒന്നും ചെയ്‌തിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യില്ലെന്നും മുഖ്യമന്ത്രി ഷിൻഡെ വിഭാഗം മന്ത്രിസഭയിലെ ദീപക് കേസാർകർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാപരമായ അധികാരമാണ്. അതിനാൽ തന്നെ നാം അതിനെ ബഹുമാനിക്കണം. അല്ലാതെ ട്വിറ്ററിലൂടെയും മറ്റും അതിനെ അപമാനിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എല്ലാ രേഖകളും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾക്കാണ് ഭൂരിപക്ഷവും. അതുകൊണ്ട് നീതിയും ചിഹ്നവും ഞങ്ങൾക്ക് തന്നെ ലഭിക്കും', കേസാർകർ ഊന്നിപ്പറഞ്ഞു.
READ MORE: ഇരുകൂട്ടർക്കുമില്ല; ശിവസേന ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
'അമ്പും വില്ലും' ആർക്കുമില്ല: ഷിൻഡെ-താക്കറെ 'ചിഹ്ന' പോര് രൂക്ഷമായ പശ്ചാത്തലത്തിൽ ശനിയാഴ്‌ചയാണ് (ഒക്‌ടോബർ 08) ശിവസേനയുടെ പേരും 'അമ്പും വില്ലും' ചിഹ്നവും മരവിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്. കൂടാതെ തെരഞ്ഞെടുപ്പിനായി കമ്മിഷൻ വിജ്ഞാപനം ചെയ്യുന്ന സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഏതെങ്കിലും വ്യത്യസ്‌ത ചിഹ്നങ്ങളും പേരും ഇരുകൂട്ടർക്കും തെരഞ്ഞെടുക്കാമെന്നും കമ്മിഷൻ വ്യക്തമാക്കി. അതനുസരിച്ച്, ഒക്‌ടോബർ 10ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി ഇരുകൂട്ടരും ഹാജരാകാനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.
ഒറ്റുകാരെന്ന് ആദിത്യ താക്കറെ: ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും 40 എംഎൽഎമാരുമായുള്ള വിമതനീക്കത്തിന് പിന്നാലെ ബിജെപിയുമായി സഹകരിച്ച ഷിൻഡെ സർക്കാർ രൂപീകരിച്ച് നാല് മാസത്തിനുശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ്. ചിഹ്നം മരവിപ്പിച്ച ഉത്തരവിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗക്കാരെ ഒറ്റുകാരെന്നാണ് ആദിത്യ താക്കറെ വിശേഷിപ്പിച്ചത്.
'ശിവസേനയുടെ പേരും ചിഹ്നവും മരവിപ്പിക്കുന്ന തരത്തിൽ നിന്ദ്യവും നാണംകെട്ടതുമായ പ്രവൃത്തിയാണ് ഒരുകൂട്ടം ഒറ്റുകാർ ഇന്ന് ചെയ്‌തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് സഹിക്കില്ല. പോരാടി വിജയിക്കുക തന്നെ ചെയ്യും. ഞങ്ങൾ സത്യത്തിന്‍റെ പക്ഷത്താണ്! സത്യമേവ ജയതേ!' എന്നായിരുന്നു ആദിത്യ താക്കറെ ട്വിറ്ററിൽ കുറിച്ചത്.