ശ്രീനഗർ: സെൻട്രൽ കശ്‌മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു മരണം. ബുദ്ഗാം ജില്ലയിലെ മഗ്രയ്‌പോറ പ്രദേശത്ത് ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്ന പ്രദേശവാസികളല്ലാത്ത രണ്ട് തൊഴിലാളികൾക്ക് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്. ഒരാളുടെ കൈയിലും മറ്റേയാളുടെ തോളിലുമാണ് വെടിയേറ്റത്.
ഉടൻ തന്നെ ഇരുവരെയും ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ വിദഗ്‌ധ ചികിത്സക്കായി ശ്രീനഗറിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വെടിയേറ്റ മറ്റൊരു തൊഴിലാളി അപകടനില തരണം ചെയ്‌തിട്ടുണ്ട്.
ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട തീവ്രവാദികളെ പിടികൂടുന്നതിനായി സുരക്ഷ സേന പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ രാത്രിയും തുടരുകയാണ്.