ചണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ഭീകരന്‍ ഹർവീന്ദർ സിങ് റിൻഡയെ പാകിസ്ഥാനിലെ ലാഹോറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യ തെരഞ്ഞുകൊണ്ടിരിക്കുന്ന ഭീകരരില്‍ പ്രധാനിയാണ് റിന്‍ഡ. അമിത അളവില്‍ മരുന്ന് അകത്ത് ചെന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
വൃക്ക രോഗബാധിതനായിരുന്നു ഹർവീന്ദർ സിങ് റിൻഡ. അതേസമയം വെടിയേറ്റാണ് റിന്‍ഡ മരിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. റിന്‍ഡയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബാംബിഹ ഗുണ്ട സംഘം രംഗത്തു വന്നു.
സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനാണ് റിന്‍ഡ. കൊലപാതകത്തില്‍ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ തുടങ്ങിയ ഗുണ്ടാനേതാക്കളെ റിന്‍ഡെ സഹായിച്ചതായി അവര്‍ ആരോപിച്ചിരുന്നു. 2011 സെപ്‌റ്റംബറില്‍ കൊലക്കേസില്‍ ഹർവീന്ദർ സിങ് റിൻഡക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
തുടര്‍ന്ന് ഇയാള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍ വഴി പാകിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്‌ഐ) ചേര്‍ന്ന് റിന്‍ഡ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.