ശ്രീനഗർ: ഭീകരതയെക്കുറിച്ച് പാകിസ്ഥാനുമായി ചർച്ച നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള.തീവ്രവാദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും തീവ്രവാദം അവസാനിച്ചു എന്ന് അവർ പറയുന്നുണ്ടെങ്കിലും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം അവസാനിപ്പിക്കണമെങ്കിൽ അയൽരാജ്യങ്ങളുമായി സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഹൃത്തുക്കളെ മാറ്റാൻ കഴിയും എന്നാൽ അയൽവാസികളെ മാറ്റാൻ കഴിയില്ല എന്ന വാജ്‌പേയിയുടെ വാക്കുകളും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയോട് സംസാരിച്ചതുപോലെ പകിസ്ഥാനോട് ചർച്ച നടത്താൻ കേന്ദ്രത്തോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഒൻപത് തവണ നടത്തിയ നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകൾക്ക് ശേഷം കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും പിൻമാറൽ നടപടികൾ പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.