ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ഒന്നാം ടേം ബോർഡ് പരീക്ഷകൾ നവംബർ- ഡിസംബർ മാസങ്ങളിൽ ഓഫ്‌ലൈനിൽ നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. തീയതി ഷീറ്റ് ഈ മാസം 18ന് പ്രഖ്യാപിക്കും.
ഒബ്‌ജക്ടീവ് ടൈപ്പില്‍ 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് നടത്തുക. മഞ്ഞുകാലം പരിഗണിച്ച് രാവിലെ 10.30ന് പകരം 11.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുക.
”ഒന്നാം ടേം പരീക്ഷകളുടെ ഫലം നേടിയ മാർക്കിന്‍റെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും. എന്നാല്‍ ഒരു വിദ്യാർഥിയെയും പാസ്, കമ്പാർട്ട്മെന്‍റ്, എസെൻഷ്യൽ റിപ്പീറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയില്ല. ഒന്നും രണ്ടും ടേം പരീക്ഷകൾക്ക് ശേഷം മാത്രമേ അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കു ” സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
“ഒന്നാം ടേം പരീക്ഷകൾ പൂർത്തിയാകുന്നതിനു മുമ്പ് പ്രാക്ടിക്കല്‍ പരീക്ഷകളും ഇന്‍റേണല്‍ അസസ്‌മെന്‍റും സ്കൂളുകളിൽ പൂർത്തിയാകും. മൊത്തം മാർക്കിന്‍റെ 50 ശതമാനവും സിലബസിൽ സൂചിപ്പിച്ചിരിക്കുന്ന മാർക്കും അനുവദിക്കും. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സ്കൂളുകളെ മുഴുവൻ പദ്ധതിയും പ്രത്യേകം അറിയിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ടേം പരീക്ഷകള്‍ 2022 മാർച്ച്- ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയാവും ഒബ്‌ജക്ടീവ് / ഡിസ്ക്രിപ്റ്റീവ് ആണോ എന്നത് തീരുമാനിക്കുകയെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.