ന്യൂഡൽഹി: കർഷക സംഘടനകളുമായി ഇന്ന് നടക്കാനിരുന്ന പത്താം റൗണ്ട് ചർച്ച നാളത്തേയ്‌ക്ക് മാറ്റിവച്ചതായി കേന്ദ്രസർക്കാർ. നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് വിഗ്യാൻ ഭവനിൽ ചർച്ച നടക്കും. ഒമ്പതാം ഘട്ട ചർച്ചകൾ നടക്കുമ്പോൾ യൂണിയനുകൾ ഗ്രൂപ്പുകൾ രൂപീകരിച്ച് അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാരിന് കരട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. കരട് സംബന്ധിച്ച് സർക്കാർ തുറന്ന മനസോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തണുപ്പുകൂടിയ കാലാവസ്ഥയിൽ കർഷകർ സമരം ചെയ്യുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്നും കർഷകരുമായി ചർച്ചയ്‌ക്ക് താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 12 ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയും നിയമങ്ങൾ സംബന്ധിച്ച് രൂപീകരിച്ച സമിതിയോട് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. രണ്ട് മാസത്തിനുള്ളിൽ കർഷകരുമായി ചർച്ച നടത്താനും കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ശുപാർശകൾ സമർപ്പിക്കാനും സമിതിക്ക് നിർദേശമുണ്ട്.