ബെംഗളൂരു: ദര്‍ശനത്തിന് എത്തിയയാള്‍ക്ക് അബദ്ധത്തിൽ 2.9 ലക്ഷമടങ്ങിയ ബാഗ് നല്‍കിയ ജീവനക്കാരനെതിരെ നടപടിയുമായി ക്ഷേത്ര ബോര്‍ഡ്. കര്‍ണാടക ചാമരാജ്‌നഗറിലെ ഹനൂർ താലൂക്കിലുള്ള മലേ മഹാദേശ്വര ബേട്ട ക്ഷേത്രത്തില്‍ വ്യാഴാഴ്‌ചയാണ് സംഭവം. നഷ്‌ടപ്പെട്ട 2.91 ലക്ഷം തിരിച്ചടക്കണമെന്നാണ് ക്ഷേത്ര ബോര്‍ഡ് ജീവനക്കാരനോട് ആവശ്യപ്പെട്ടത്.
അമാവാസി ആഘോഷങ്ങളുടെ ഭാഗമായി വൻ ഭക്തജനത്തിരക്കുണ്ടായ സമയത്ത് ലഡു പ്രസാദത്തിനൊപ്പം പണം അറിയാതെ നല്‍കുകയായിരുന്നു. പ്രത്യേക ദർശനത്താനായി സജ്ജീകരിച്ച കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് അക്കിടി പിണഞ്ഞത്. പണസഞ്ചി കാണാത്തതിനെ തുടർന്ന് ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അബദ്ധം സംഭവിച്ചത് വ്യക്തമായത്. ബാഗ് കൈപറ്റിയെ ആളെ കുറിച്ച് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.