കാന്‍പൂര്‍ (യുപി): ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള ക്ഷേത്രം പാകിസ്ഥാന്‍ പൗരന്‍ വിറ്റതായി കണ്ടെത്തല്‍. ബേക്കോണ്‍ ഗഞ്ചിലുള്ള രാം ജാനകി ക്ഷേത്രവും മറ്റ് വസ്‌തുവകകളുമാണ് പാക് പൗരനായ ആബിദ് റഹ്‌മാന്‍ എന്നയാള്‍ വിറ്റത്. ക്ഷേത്രമിരിക്കുന്ന ഭൂമി എനിമി പ്രോപ്പര്‍ട്ടിയായി (പാകിസ്ഥാന്‍ പൗരരുടെ കൈവശമുള്ള ഇന്ത്യയിലെ ഭൂമി) ലിസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കാന്‍പൂര്‍ ഭരണകൂടം ആരംഭിച്ചു.
ആബിദ് റഹ്‌മാനില്‍ നിന്ന് ക്ഷേത്രമിരിക്കുന്ന ഭൂമി വാങ്ങി പൊളിച്ച് ഹോട്ടല്‍ നിര്‍മിച്ചവർക്ക് കാന്‍പൂര്‍ ഭരണകൂടം നോട്ടീസ് അയച്ചു. ഇവര്‍ക്ക് മറുപടി നല്‍കാന്‍ രണ്ട് ആഴ്‌ച സമയം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1962ല്‍ പാകിസ്ഥാനിലേക്ക് താമസം മാറിയ ആബിദ് റഹ്‌മാന്‍ 1982ലാണ് ക്ഷേത്രമിരിക്കുന്ന ഭൂമി ഉള്‍പ്പെടെ വില്‍ക്കുന്നത്.
ക്ഷേത്ര സമുച്ചയത്തില്‍ സൈക്കിള്‍ റിപ്പയറിങ് കട നടത്തുന്ന മുഖ്‌താർ ബാബ എന്നയാള്‍ക്കാണ് ബേക്കോണ്‍ ഗഞ്ചിലെ ഭൂമി ആബിദ് റഹ്‌മാന്‍ വിറ്റത്. ഇതിന്‍റെ ഭാഗമായി പ്രദേശത്ത് ഉണ്ടായിരുന്ന 18 ഹിന്ദു കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ഹോട്ടല്‍ നിര്‍മിച്ചു.
കാന്‍പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ രേഖകളില്‍ ഇപ്പോഴും ഭൂമി ക്ഷേത്രമെന്നാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശത്രു സമ്പത്തി സംരക്ഷണ്‍ സംഘര്‍ഷ് സമിതി നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിക്കുന്നത്. അതേസമയം, ആവശ്യമായ എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും നോട്ടീസിന് ഉടന്‍ മറുപടി നൽകുമെന്നും മുഖ്‌താര്‍ ബാബയുടെ മകൻ മെഹ്‌മൂദ് ഉമർ പ്രതികരിച്ചു.