ചെന്നൈ : തമിഴ്‌നാട് ശ്രീവല്ലിപുത്തൂർ ക്ഷേത്രത്തിലെ ജയമാല എന്ന ആനയെ അസമിലേക്ക് തിരിച്ചയക്കാൻ പദ്ധതിയില്ലെന്ന് തമിഴ്‌നാട് സർക്കാർ. വ്യാഴാഴ്‌ചയാണ് സർക്കാർ മദ്രാസ് ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. ഈ വർഷം ഓഗസ്‌റ്റ് 26 ന് ക്ഷേത്രപരിസരത്ത് വച്ച് ആനയെ ഒരാൾ ഉപദ്രവിക്കുന്നതായുള്ള വീഡിയോ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ് പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് ആനയുടെ അവസ്ഥ വിലയിരുത്തുന്നതിനും അതിനെ തിരികെ കൊണ്ടുപോകുന്നതിനുമായി അസം സർക്കാർ നാലംഗ വനം വകുപ്പ് സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ചു.
2010 നും 2015 നും ഇടയിൽ അസമിൽ നിന്ന് ഒൻപത് ആനകളെ ക്ഷേത്ര ആവശ്യങ്ങൾക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പുതിയ സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയില്‍ അടിയന്തര വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ആനകളെ തിരിച്ചയക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് വന്യജീവി സംരക്ഷണ ശാസ്‌ത്രജ്ഞൻ എൻ ശിവഗണേശനാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര ആനകൾക്കായി തമിഴ്‌നാട് സർക്കാരിന് പ്രത്യേക നിയമങ്ങളുണ്ടെന്ന് പൊതുതാൽപര്യ ഹർജിയിൽ പറയുന്നു.
ഈ നിയമങ്ങൾ അനുസരിച്ചാണ് മൃഗങ്ങളെ പരിപാലിക്കുന്നത്. ഇതുപ്രകാരം ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വായുസഞ്ചാരമുള്ളതും നല്ല വെളിച്ചമുള്ളതുമായ ചുറ്റുപാടിലാണ് ആന പരിചരിക്കപ്പെടുന്നത്. അതിനാല്‍ ജയമാലയെ അസമിലേക്ക് തിരികെ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം ഹര്‍ജിയില്‍ വാദിക്കുന്നു. കേസ് പിന്നീട് വീണ്ടും പരിഗണിക്കും.