ന്യൂഡൽഹി: 5 ജി സാങ്കേതികവിദ്യ പരീക്ഷണങ്ങൾ നടത്താൻ ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്‌പി) അനുമതി നൽകി ടെലികോം വകുപ്പ്. നഗരങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലും പരീക്ഷണങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ, എംടിഎൻഎൽ എന്നീ സേവന ദാതാക്കളാണ് 5ജി സേവനങ്ങൾ ആരംഭിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നീ ഉപകരണ നിർമാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ടിഎസ്‌പികള്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ജിയോ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ചും പരീക്ഷണം നടത്തും.
മിഡ്-ബാൻഡ് (3.2 GHz മുതൽ 3.67 GHz വരെ), മില്ലിമീറ്റർ-വേവ് ബാൻഡ് (24.25 GHz മുതൽ 28.5 GHz വരെ), സബ്-ജിഗാഹെർട്സ് ബാൻഡ് (700 GHz) എന്നിവ ഉൾപ്പെടുന്നവയിലാണ് പരീക്ഷണത്തിനായി സ്പെക്ട്രം അനുവദിക്കുന്നത്. 5 ജി ട്രയലുകൾ നടത്തുന്നതിന് ടിഎസ്‌പികൾക്ക് അവരുടെ നിലവിലുള്ള സ്പെക്ട്രം (800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2500 മെഗാഹെർട്സ്) ഉപയോഗിക്കാൻ അനുവാദമുണ്ട്.
പരീക്ഷണങ്ങളുടെ കാലാവധി നിലവിൽ 6 മാസമാണ്. ഉപകരണങ്ങൾ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനും 2 മാസത്തെ സമയപരിധിയും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ 5 ജി ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനും ടിഎസ്‌പികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഐഐടി മദ്രാസ്, സെന്‍റർ ഓഫ് എക്സലൻസ് ഇൻ വയർലെസ് ടെക്നോളജി (സിഇവിടി), ഐഐടി ഹൈദരാബാദ് എന്നിവരാണ് 5 ജിഐ സാങ്കേതികവിദ്യ വികസിപ്പിച്ചത്.