ഹൈദരാബാദ് : സംസ്ഥാനത്ത് മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷൻ ഉടനെന്ന് തെലങ്കാന സര്‍ക്കാര്‍. ഡ്രൈവർമാർ, കണ്ടക്ടർമാർ, പച്ചക്കറി കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ, കടയുടമകൾ തുടങ്ങിയവർക്കാണ് ഇത്തവണ മുൻഗണനയെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കി. സൂപ്പർ സ്പ്രെഡറുകളുടെ പട്ടിക തയ്യാറാക്കാൻ അദ്ദേഹം ഇതിനകം തന്നെ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. ജില്ലകളിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം വാക്സിനേഷൻ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഇതിനായി പ്രത്യേക കൊവിഡ് വാക്സിൻ സെന്‍ററുകൾ സ്ഥാപിക്കാൻ ശ്രമം നടത്തിവരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Also Read: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
കൊവാക്സിന്‍റെ രണ്ടാം ഡോസ് വാക്സിനേഷൻ ചൊവ്വാഴ്‌ച സംസ്ഥാനത്ത് ആരംഭിച്ചു. കേന്ദ്രം അനുവദിച്ചിട്ടുള്ള വാക്സിൻ അളവിനെ ആശ്രയിച്ച് 45 വയസിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്സിനേഷൻ. കൂടാതെ 18നും 44നും ഇടയിൽ പ്രായമുള്ളവർക്കായി സംസ്ഥാന സർക്കാർ ഇതിനകം നാല് ലക്ഷത്തോളം വാക്സിൻ ഡോസുകൾ വാങ്ങിയിരുന്നു. ജൂണിൽ കൊവിഷീൽഡ്, സ്‌പുട്‌നിക്-വി വാക്സിനുകൾ ഉൾപ്പെടെ കൂടുതൽ ഡോസുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണെന്നും സർക്കാർ അറിയിച്ചു. ആഗോള ടെൻഡറുകളിലൂടെ കൂടുതൽ വാക്സിനുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ജൂലൈ മുതൽ ശക്തമായ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി.