ഹൈദരാബാദ് : ലക്ഷങ്ങള്‍ മുടക്കി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര കാറുകള്‍ വാങ്ങിയ തെലങ്കാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സര്‍ക്കാരിന്‍റെ ധൂര്‍ത്തെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
അഡിഷണല്‍ കലക്ടര്‍മാര്‍ക്ക് സഞ്ചരിക്കാന്‍ ഒന്നിന് 25 ലക്ഷം വിലവരുന്ന 32 ആഡംബര കാറുകളാണ് ഞായറാഴ്‌ച പ്രഗതി ഭവനിലെത്തിയത്. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ പൊതുഖജനാവ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തുവെന്ന് ബിജെപി വക്താവ് കെ.കൃഷ്‌ണ സാഗര്‍ റാവു ആരോപിച്ചു.
11 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചിലവഴിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് സര്‍ക്കാരിന് ഇത്തരമൊരു തീരുമാനം എങ്ങനെയെടുക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ലോക്ക്‌ഡൗൺ സംസ്ഥാനത്ത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് ധനമന്ത്രി ഹരീഷ് റാവു നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: തെലങ്കാന എംഎൽഎ ഈതാല രാജേന്ദർ രാജിവച്ചു
എന്നാല്‍ അദ്ദേഹത്തിന്‍റെ വകുപ്പിന് ഇത്തരമൊരു ധൂര്‍ത്തിന് പണം ചിലവഴിക്കാന്‍ എങ്ങനെ സാധിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെയാണ് ധനവകുപ്പിന്‍റെ നടപടി.
ആഡംബര കാറുകള്‍ വാങ്ങാന്‍ ഉപയോഗിച്ച പണം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് ഉപയോഗിക്കാമായിരുന്നു. ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാമായിരുന്നു. സര്‍ക്കാരിന്‍റെ നടപടി അടിയന്തരമായി റദ്ദാക്കണമെന്നും കൃഷ്ണ സാഗര്‍ റാവു പറഞ്ഞു.
സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാരിന്‍റേതെന്ന് എഐസിസി വക്താവ് ശ്രാവണ്‍ ദസൊജു കുറ്റപ്പെടുത്തി. പൊതുഖജനാവ് കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥ സര്‍ക്കാരിനെ കടക്കെണിയിലാക്കും.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. നിലവില്‍ ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങള്‍ ഉണ്ടെന്നിരിക്കെ ലക്ഷങ്ങള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങേണ്ട സാഹചര്യമെന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോ പൊതു ഗതാഗതം മെച്ചപ്പെടുത്താന്‍ പുതിയ ബസുകള്‍ വാങ്ങുന്നതിനോ ഖജനാവില്‍ പണമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കി മാസങ്ങളോളം കാത്തിരുന്നാലും കോണ്‍ട്രാക്‌ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണമില്ല. മുഖ്യമന്ത്രി ഖജനാവിന്‍റെ സംരക്ഷകന്‍ മാത്രമാണ് ഉടമസ്ഥനല്ലെന്നും ശ്രാവണ്‍ ദസൊജു വിമര്‍ശിച്ചു.