ഹൈദരാബാദ് : ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ്, തെലങ്കാനയിലെ മുനുഗോഡ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം. തീയതി പ്രഖ്യാപിക്കുക പോലും ചെയ്യാത്ത ഒരു ഉപതെരഞ്ഞെടുപ്പ് ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം എന്തിരിക്കുന്നു എന്ന ചോദ്യം അപ്രസക്തമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കാരണം, തെലങ്കാനയിൽ 2023 ലാണ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിനെ നന്നായി തന്നെ ഉപതെരഞ്ഞെടുപ്പ് സ്വാധീനിച്ചേക്കുമെന്നും അതുകൊണ്ടുതന്നെയാണ് വലിയ ശ്രദ്ധനേടാന്‍ ആ ഗൗരവത്തില്‍ തന്നെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ഇവര്‍ വിലയിരുത്തുന്നു.
തെലങ്കാനയിലെ 'കമല നീക്കം': മുനുഗോഡ് മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവച്ചതാണ് ഇങ്ങനെയാരു തെരഞ്ഞെടുപ്പിന് വഴിതെളിച്ചത്. ഓഗസ്റ്റ് എട്ടിന് രാവിലെ, സ്‌പീക്കർ പോച്ചാരം ശ്രീനിവാസ് റെഡ്ഡിക്ക്, കോമതിറെഡ്ഡി രാജിക്കത്ത് നല്‍കുകയുണ്ടായി. ബി.ജെ.പിയില്‍ ചേരാനാണ്, പരമ്പരാഗത കോൺഗ്രസ് കോട്ടയായ നൽഗൊണ്ട ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്നും ഇദ്ദേഹം രാജിവച്ചത്. രാജ്യത്ത് ബി.ജെ.പി നടപ്പിലാക്കുന്ന 'ഓപ്പറേഷന്‍ കമല'യുടെ ഭാഗമായി തന്നെ, തെലങ്കാനയും പിടിച്ചടക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് എം.എല്‍.എയെ വരുതിയിലാക്കിയതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
എന്നാല്‍, ഇതൊക്കെ തള്ളിക്കളഞ്ഞ് കോണ്‍ഗ്രസിനെയും സംസ്ഥാന നേതൃത്വത്തെയും കുറ്റപ്പെടുത്തിയാണ് കോമതി റെഡ്ഡിയുടെ രാജി. ഓഗസ്റ്റ് 21 അമിത്‌ഷാ പങ്കെടുക്കുന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍വച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ് ലഭിക്കുന്ന വിവരം. രാജ് ഗോപാൽ റെഡ്ഡിയും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനും ഭോംഗീർ എം.പിയുമായ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയും സംസ്ഥാനത്ത് സ്വാധീനമുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കളാണ്. ഈ അനുകൂല സാഹചര്യം മുന്നില്‍ കണ്ടാണ് ബി.ജെ.പി നീക്കം നടത്തുന്നതെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന വിലയിരുത്തലുകള്‍.
കരുത്തുകാട്ടാന്‍ കെ.സി.ആര്‍ : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് സ്വീധീനിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമായതിനാല്‍, സ്വാഭാവികമായും സംസ്ഥാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്‌ട്ര സമിതി (ടി.ആര്‍.എസ്) സ്ഥാപക നേതാവുമായ കെ ചന്ദ്ര ശേഖര്‍ റാവുവിനെ സമ്മര്‍ദത്തിലാക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ, കരുതിക്കൂട്ടിയിയുള്ള നീക്കമാണ് കെ.സി.ആറും പാര്‍ട്ടിയും സംസ്ഥാനത്ത് നടത്തുന്നത്. അമിത്‌ഷാ തെലങ്കാനയില്‍ കാലുകുത്തുന്നതിന്‍റെ തലേദിവസം, ഓഗസ്റ്റ് 20 ശനിയാഴ്‌ച ടി.ആര്‍.എസ് വന്‍ പ്രചാരണത്തിനാണ് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി ഉന്നത നേതാക്കളുടെയും നേതൃത്വത്തില്‍ ഹൈദരാബാദിൽ നിന്ന് മുനുഗോഡിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍ കാർ റാലി സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തെ ഇളക്കിമറിക്കുന്നതായിരുന്നു ഈ റാലി.
'വിലക്കെടുക്കല്‍ രാഷ്‌ട്രീയം' ചെറുക്കാന്‍ കോണ്‍ഗ്രസ് : ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യം കൂടി ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഈ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 'മന മുനുഗോഡ്, മന കോൺഗ്രസ്' (നമ്മുടെ മുനുഗോഡ് നമ്മുടെ കോണ്‍ഗ്രസ്) എന്നതാണ് പ്രചരണത്തിനായി പാര്‍ട്ടി തെരഞ്ഞെടുത്ത മുദ്രാവാക്യം. ഓഗസ്റ്റ് 20 ന് രാജീവ് ഗാന്ധിയുടെ ജന്മദിനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള 'ആയുധ'മാക്കാന്‍ കൂടി കോണ്‍ഗ്രസ് ശ്രമം നടത്തിയതും ശ്രദ്ധേയമായി. മുനുഗോഡ് നിയമസഭ മണ്ഡലത്തിന് കീഴിലുള്ള 175 ഗ്രാമങ്ങളില്‍ പാര്‍ട്ടി കോ-ഓർഡിനേറ്റർമാരെ നിയമിച്ച് സജീവ പ്രചാരണത്തിനാണ് ഇറങ്ങിത്തിരിച്ചത്.
രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ പാര്‍ട്ടി ഗ്രാമങ്ങൾ തോറും, പാർട്ടി പതാക ഉയർത്തുകയും മണ്ഡലത്തിലെ 40,000-ത്തിലധികം കുടുംബങ്ങൾക്ക് പഴങ്ങളടങ്ങിയ സഞ്ചി വിതരണം നടത്തുകയുമുണ്ടായി. രാജ്യത്തിന്‍റെ വികസനത്തിന് രാജീവ് ഗാന്ധി നൽകിയ സംഭാവനകളെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്‌കരിക്കാനും ഓരോ കോൺഗ്രസ് നേതാവും 100 വോട്ടർമാർക്കെങ്കിലും കൂപ്പുകൈകള്‍ നല്‍കാനും പാര്‍ട്ടി നേരത്തേ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കന്മാരെയും ജനപ്രതിനിധികളെയും 'വിലയ്‌ക്കുവാങ്ങുന്ന' ബി.ജെ.പി നീക്കത്തെ ശക്തമായി ചെറുക്കാനുള്ള പ്രചാരണത്തിനും കൂടിയായാണ് പാര്‍ട്ടി ഈ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.
ഏറ്റുമുട്ടാന്‍ ടി.ആര്‍.എസും ബി.ജെ.പിയും : കോണ്‍ഗ്രസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേരുമ്പോള്‍ സ്വാഭാവികമായും ഏറ്റുമുട്ടല്‍ ഈ രണ്ടുപാര്‍ട്ടികള്‍ തമ്മിലാണുണ്ടാവേണ്ടത്. എന്നാല്‍, തെലങ്കാനയിലെ സ്ഥിതി ടി.ആര്‍.എസും ബി.ജെ.പിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്കാണ് എത്തിച്ചത്. സംസ്ഥാന ഭരണം പിടിക്കുക എന്ന ബി.ജെ.പി 'സ്വപ്‌ന പദ്ധതിയെ' തടയിടാന്‍ തന്നെയാണ് ടി.ആര്‍.എസ് പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് പോരാട്ടം ഈ രണ്ടുപാര്‍ട്ടികളിലേക്കും എത്തിച്ചത്. 2024 ൽ ബി.ജെ.പി തെലങ്കാന ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 26 ന് ഹൈദരാബാദ് സന്ദര്‍ശനത്തിനിടെ, ബി.ജെ.പി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്യവെ പ്രഖ്യാപിച്ചിരുന്നു.
പിന്നാലെയാണ് ജൂലൈയില്‍ രണ്ട് ദിവസം ഹൈദരാബാദില്‍ ബി.ജെ.പി, ദേശീയ എക്‌സിക്യുട്ടീവ് യോഗം സംഘടിപ്പിച്ചത്. അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പോലും ബി.ജെ.പി ഉറച്ചുനിൽക്കുകയാണെന്നും ബംഗാൾ, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ കേഡർമാർ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും മോദി ഈ പരിപാടിയുടെ പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്.
കെ.സി.ആറിനെയും മകനും സംസ്ഥാന വ്യവസായ, ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവുവിനെയും പേരെടുത്ത് പറയാതെ തന്നെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ, വിമര്‍ശന ശരമെയ്യുകയുണ്ടായി. തെലങ്കാന, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബഭരണം ബി.ജെ.പി അവസാനിപ്പിക്കുമെന്നും ആന്ധ്ര, ഒഡിഷ, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു ഷായുടെ പ്രസംഗത്തിലെ വരികള്‍. മോദി - ഷാ എന്നിവരുടെ ഈ പരിപാടിയിലെ ആഹ്വാനങ്ങള്‍ക്ക് ശേഷം ബി.ജെ.പിയുടെ നാളുകളായുള്ള 'പദ്ധതി' പ്രാവര്‍ത്തികമാക്കുന്നു എന്നതിന്‍റെ തെളിവുകൂടിയാണ് മുനുഗോഡില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് വഴിവച്ചതുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
മോദിയുടെ വരവും കെ.സി.ആറിന്‍റെ 'ബഹിഷ്‌കരണവും': ദേശീയ നേതാവായി ഉയര്‍ന്നുവരാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ബി.ജെ.പിക്കെതിരായ കടന്നാക്രമണങ്ങള്‍ വന്‍ മാധ്യമ ശ്രദ്ധ നേടാറുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കെതിരെയും ബി.ജെ.പിക്കെതിരെയും കെ.സി.ആര്‍ ശക്തമായി നിലകൊള്ളുന്നത് രാജ്യം കണ്ടതാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൈദരാബാദ് മുച്ചിന്തളിലെ സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കാന്‍ മോദിയെത്തിയപ്പോള്‍ കെ.സി.ആര്‍ വിമാനത്താവളത്തിൽ സ്വീകരിക്കാന്‍ ഉണ്ടായിരുന്നില്ല. മുന്‍പും അദ്ദേഹം എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്താതിരുന്നതും വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഫ്ലക്‌സിനെ ചൊല്ലിയും കൊമ്പുകോര്‍ക്കല്‍ : ഹൈദരാബാദ് നഗരത്തില്‍ സ്ഥാപിച്ച ഫ്ലക്‌സുകളുടെ പേരില്‍ ബി.ജെ.പി, ടി.ആര്‍.എസ് പാർട്ടി നേതാക്കള്‍ ഏറ്റുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിന്‍റെ ഫ്ലക്‌സുകളെ 'മറച്ചുപിടിക്കാന്‍' ടി.ആര്‍.എസ്, സര്‍ക്കാര്‍ വികസന ഫ്ലക്‌സുകള്‍ ഹൈദരാബാദില്‍ നിറച്ചെന്നും ഈ ഏറ്റുമുട്ടലില്‍ ഉയര്‍ന്നുകേട്ടിരുന്നു. മെട്രോ പില്ലറുകള്‍, മെട്രോകള്‍, ടി.എസ്.ആര്‍.ടി.സി ബസുകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ എവിടെ നോക്കിയാലും കെ.സി.ആറിന്‍റെ മുഖമുള്ള സര്‍ക്കാര്‍ പരസ്യങ്ങളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
തങ്ങള്‍ സ്ഥാപിക്കുന്ന ഫ്ലക്‌സുകള്‍ എല്ലാം നശിപ്പിക്കപ്പെടുന്നതായി ആരോപിച്ച് ടി.ആർ.എസ്, ബി.ജെ.പി, കോണ്‍ഗ്രസ് പാർട്ടികളുടെ 'തമ്മില്‍ത്തല്ലിനും' സംസ്ഥാനം സാക്ഷ്യംവഹിച്ചു. ഈ സമയത്ത് ഫ്ലക്‌സുകൾക്കുള്ള പിഴ പിൻവലിച്ച് ജി.എച്ച്.എം.എസി (ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ) ഉത്തരവ് പുറത്തിറക്കിയതും ശ്രദ്ധേയമായിരുന്നു.
'ഒളിയമ്പ്' മണി ഹൈസ്റ്റിലൂടെയും : ഇതിനൊപ്പം തന്നെ എടുത്തുപറയേണ്ട 'ഫ്ലക്‌സ് യുദ്ധം' മോദിക്കെതിരായ പ്രതിഷേധങ്ങള്‍ കൂടിയായിരുന്നു. നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്‌ത മണി ഹൈസ്റ്റ് വെബ് സീരീസിലെ വസ്‌ത്രം ധരിച്ചവരുടെ പടംവച്ചായിരുന്നു പ്രതിഷേധ ഫ്ലക്‌സുകള്‍. 'ഞങ്ങൾ ബാങ്കുകളെ മാത്രമേ കൊള്ളയടിക്കുന്നുള്ളൂ. നിങ്ങൾ രാജ്യത്തെ തന്നെയാണ് കൊള്ളയടിക്കുന്നത്.' എന്നായിരുന്നു ഫ്ലക്‌സുകളിലെ വാചകം. ഇത്തരത്തില്‍ നിരവധി 'ഫ്ളക്‌സ് ശരങ്ങള്‍ക്ക്' പിന്നില്‍ ടി.ആര്‍.എസ് തന്നെയാണെന്ന് ആരോപണങ്ങള്‍ ഉയരുകയുണ്ടായി.