ഹൈദരാബാദ് : എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്‌ദാനം ചെയ്‌ത് ബിജെപിയില്‍ എത്തിക്കാന്‍ ശ്രമിച്ച 'ഓപ്പറേഷന്‍ താമര' കേസില്‍ ബിആര്‍എസിന് (ഭാരത് രാഷ്‌ട്ര സമിതി) തിരിച്ചടി. ഈ കേസിന്‍റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതാണ് തിരിച്ചടിയായത്. ബിആര്‍എസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) വിശ്വാസമില്ലെന്ന് ബിജെപിയും പ്രതികളും ചൂണ്ടിക്കാട്ടിയതോടെയാണ് ഹൈക്കോടതി വിധി.
അതേസമയം, കേസ് സിബിഐക്ക് വിടുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്ന് എസ്‌ഐടിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കേസിന്‍റെ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതുകൊണ്ടുതന്നെ എസ്‌ഐടിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്‍റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ സിബിഐക്ക് കൈമാറാൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.
'ബിആര്‍എസ് വിട്ടാല്‍ ബിജെപി സ്ഥാനാര്‍ഥി': ഒക്‌ടോബർ 26ന് ബിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡി ഉൾപ്പടെ നാല് നിയമസഭാംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ബിആർഎസ് വിട്ട് അടുത്ത തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാന്‍ 100 കോടി വാഗ്‌ദാനം ചെയ്‌തു എന്നായിരുന്നു രോഹിത് റെഡ്ഡിയുടെ പരാതി. നാല് ബിആർഎസ് എംഎൽഎമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ മുതിർന്ന ബിജെപി നേതാവ് ബിഎൽ സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും കൊച്ചിയിലെ ഡോ. ജഗ്ഗു സ്വാമിയും അന്വേഷണം നേരിടുകയാണ്.