നല്‍ഗോണ്ട (തെലങ്കാന): ഭാര്യ മട്ടന്‍ പാചകം ചെയ്‌ത് നല്‍കിയില്ലെന്ന് പരാതിപ്പെട്ട യുവാവിനെതിരെ കേസെടുത്ത് തെലങ്കാന പൊലീസ്. നല്‍ഗൊണ്ട ജില്ലയിലെ കംഗൽ ചർള ഗൗരാര സ്വദേശി നവീന്‍ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അടിയന്തര ഘട്ടങ്ങളിൽ മാത്രം വിളിക്കാനുള്ള എമർജന്‍സി നമ്പറില്‍ അനാവശ്യ കാര്യത്തിന് വിളിച്ചതിനാണ് നടപടി.
വെള്ളിയാഴ്‌ചയാണ് സംഭവം. കടയില്‍ നിന്ന് കൊണ്ടുവന്ന മട്ടനിറച്ചി കറിവയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും ഭാര്യ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഭാര്യയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എമര്‍ജന്‍സി നമ്പറായ 100 ഡയല്‍ ചെയ്യുകയായിരുന്നു.
ആറ് വട്ടമാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്. ഇയാളുടെ പെരുമാറ്റത്തിൽ പ്രകോപിതരായ പൊലീസ് സമയം പാഴാക്കിയതിന് നവീനെതിരെ കേസെടുക്കുകയായിരുന്നു.