ഹൈദരാബാദ് : സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള രോഗികൾക്ക് തെലങ്കാനയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സ ഉറപ്പാക്കണമെങ്കിൽ ഔദ്യേഗിക സത്യവാങ്മൂലവും മുൻകൂര്‍ അനുവാദവും വേണമെന്ന് സർക്കാർ. ചീഫ് സെക്രട്ടറി സോമേഷ് കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൊവിഡ് രോഗികൾ പ്രവേശനത്തിനായി തെലങ്കാനയിലെ ആശുപത്രികളെ മുൻകൂട്ടി അറിയിക്കണം. വാട്ട്‌സ്ആപ്പ് (040-24651119, 9494438251), ഇമെയിൽ (idsp@telangana.gov.in) സംവിധാനം ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Read more: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഹൈദരാബാദിലെ റമദാന്‍ വിപണിയില്‍ ജനക്കൂട്ടം
രോഗിയുടെ പേര്, പ്രായം, കൂട്ടിരിപ്പിനുള്ള വ്യക്തിയുടെ പേര്, ഏത് തരം കിടക്കയാണ് വേണ്ടത്, വിലാസം, അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. ആശുപത്രിയിൽ നിന്നുള്ള നിർദേശം ലഭിച്ചുകഴിഞ്ഞാൽ, യാത്ര ചെയ്യാനുള്ള അനുമതി കൺട്രോൾ റൂം നൽകും. മുൻകൂട്ടി അറിയിക്കാതെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
കിടക്കകളുടെയും ഓക്‌സിജൻ്റെയും അഭാവം ചൂണ്ടിക്കാട്ടി കൊവിഡ് രോഗികളെ ആന്ധ്രയിൽ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുവരുന്ന ആംബുലൻസുകൾ കഴിഞ്ഞ ആഴ്‌ച തെലങ്കാന പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് കിടക്കകൾ ലഭ്യമല്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികളെ സംസ്ഥാന അതിർത്തിയിൽ നിന്ന് മാറ്റുകയും ചെയ്‌തിരുന്നു. ഹൈദരാബാദിലെ ആശുപത്രികളിലെ 50 ശതമാനത്തിലധികം കിടക്കകളിലും ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളാണെന്ന് അധികൃതർ അറിയിച്ചു.