കനത്ത മഴയിൽ വലഞ്ഞ് തെലങ്കാന. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്തെ ജനജീവിതം അവതാളത്തിൽ. സംസ്ഥാനത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. മാൻഹോളുകളിൽ നിന്നും അഴുക്കുചാലിൽ നിന്നും വരുന്ന വെള്ളമാണ് സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാകുന്നത്.
കനത്ത മഴയിൽ വൈദ്യുതി തടസവും കുടിവെള്ളക്ഷാമവും
തുടർച്ചയായ മഴയിൽ ഗതാഗത തടസവും വൈദ്യുതി തടസവും കുടിവെള്ള ക്ഷാമവും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളും നേരിടുന്നു. ഹൈദരാബാദിന് പുറമെ നിർമൽ, ആദിലാബാദ്, കാമറെഡ്ഡി, സംഘറെഡ്ഡി, മേദക്, രംഗറെഡ്ഡി, നാഗർകൂർനൂൽ, ജഗിത്തല, ഖമ്മം, പെഡപ്പള്ളി, വാറങ്കൽ അർബൻ, വാറങ്കൽ റൂറൽ, ജയശങ്കർ ഭൂപൽപള്ളി, മെഹഭൂഭബാദ്, യാദാദ്രി ഭുവനഗിരി, മഹാഭൂഭ്‌നഗർ, വികാരാബാദ്, കരിംനഗർ, രാജന്ന സിരിസില്ല എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
കർഷകർക്ക് ആശങ്ക
വടക്കുകിഴക്കൻ, കിഴക്കൻ തെലങ്കാന ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയിൽ നിസാമബാദ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളപ്പൊക്കത്തെ നേരിടുന്ന അവസ്ഥയാണ് നിലവിൽ. കരകവിഞ്ഞൊഴുകിയ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. വിതച്ച് ഒരാഴ്ചക്കുള്ളിൽ വിളകൾ വെള്ളത്തിൽ മുങ്ങിയത് കർഷകർക്കിടയിൽ ആശങ്ക ഉണർത്തിയിരിക്കുകയാണ്.
വിളവെടുപ്പ് കഴിഞ്ഞ വിളകൾ അമിതമായ ഈർപ്പം മൂലം അഴുകാൻ തുടങ്ങിയതായാണ് റിപ്പോർട്ട്. സീതാവാഗുവിലെ സീതമ്മ വിഗ്രഹത്തിന് സമീപം വരെ വെള്ളം എത്തിയതായി അധികൃതർ അറിയിച്ചു.
പ്രവർത്തനം നിലച്ച് കൽക്കരി ഖനികൾ
ഗോദാവരി നദിയിലെ ജലനിരപ്പും തുടർച്ചയായി ഉയരുകയാണ്. നിലവിൽ 14.4 അടിയാണ് നദിയിലെ ജലനിരപ്പ്. ഉയർന്ന പ്രദേശങ്ങളിൽ നിന്നും മഴവെള്ളം നദിയിലേക്കെത്തുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
മഴ നിമിത്തം നിരവധി ഖനികളിൽ കൽക്കരി ഉൽപ്പാദനം തടസപ്പെട്ടത് കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിന് കാരണമായി. കോട്ടഗുഡം ജില്ലയിലെ കോയഗുഡം ഖനിയിൽ 10,000 ടൺ കൽക്കരി ഉൽപ്പാദനം തടസപ്പെട്ടു. പെഡപ്പള്ളി ജില്ലയിലെ രാമഗുണ്ടം മേഖലയിൽ മൂന്ന് ഖനികളിലായി ദിവസേനയുള്ള 70,000 ടൺ കൽക്കരി ഉൽപ്പാദനമാണ് തടസപ്പെട്ടത്.
ആദിലാബാദ് ജില്ലയിലെ സിരികോണ്ട, ബസാർഹത്‌നൂർ മേഖലകളിലെ ആദിവാസി ഗ്രാമങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.