ഹൈദരാബാദ് : മാര്‍ഗദര്‍ശി ചിട്ടി ഫണ്ട് എംഡിയ്ക്കെതിരെ ആന്ധ്രപ്രദേശ് സിഐഡി ഇറക്കിയ ലുക്ക് ഔട്ട് നോട്ടിസിനെ ചോദ്യം ചെയ്‌ത് തെലങ്കാന ഹൈക്കോടതി. പ്രശ്‌നത്തില്‍ യാതൊരു നടപടികളും എടുക്കരുതെന്ന കോടതി ഉത്തരവ് തള്ളിയാണ് ആന്ധ്രപ്രദേശ് സിഐഡിയുടെ നടപടി. ഇത് കോടതിയലക്ഷ്യ നടപടിയല്ലേയെന്നും കോടതി ആരാഞ്ഞു (Telangana HC questions AP CID in Margadarsi case)
വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആന്ധ്രപ്രദേശ് സിഐഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കൈലാസ് നാഥ് റെഡ്ഡി ആവശ്യപ്പെട്ടു. കേസില്‍ തുടര്‍വാദം അടുത്തമാസം പതിനഞ്ചിന് നടക്കും. മാര്‍ഗദര്‍ശി കേസില്‍ കടുത്ത നടപടികളിലേക്ക് പോകരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് കൊണ്ടാണ് എംഡിക്കെതിരെ ആന്ധ്ര സിഐഡി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതും അവരുടെ ആസ്‌തികള്‍ ജപ്‌തി ചെയ്‌തതും (Margadarsi Chit fund case)
ഇതേ തുടര്‍ന്നാണ് മാര്‍ഗദര്‍ശി എംഡി ശൈലജ കിരണ്‍ ആന്ധ്ര സിഐഡിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കേസില്‍ കഴിഞ്ഞ ദിവസമാണ് കോടതി വാദം കേട്ടത്. ആന്ധ്ര സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത് എന്ന് വിശദീകരിക്കുന്ന എതിര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ആന്ധ്രപ്രദേശ് സിഐഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ആന്ധ്രപ്രദേശ് സിഐഡിയുെട മറുപടി ഇതാണെങ്കില്‍ കോടതിയലക്ഷ്യ വിഷയത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കോടതി വ്യക്തമാക്കി. തങ്ങളെ അറിയിക്കാതെ മാര്‍ഗദര്‍ശി എംഡി വിദേശത്തേക്ക് പോയെന്നും അത് കൊണ്ട് മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്നും ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മുന്‍കരുതല്‍ എന്നത് കോടതി ഉത്തരവ് ധിക്കരിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആന്ധ്രപ്രദേശ് അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. തുടര്‍ന്ന് വാദം അടുത്തമാസം പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ആന്ധ്രപ്രദേശ് സിഐഡി ഡി ജി സഞ്ജയ്, അഡിഷണല്‍ എസ്‌പിമാരായ രാജശേഖര റാവു, സി എച്ച് രവികുമാര്‍, ആന്ധ്രപ്രദേശ് ആഭ്യന്തര ചീഫ് സെക്രട്ടറി ഹരീഷ്‌കുമാര്‍ ഗുപ്‌ത തുടങ്ങിയവര്‍ കോടതി നടപടികള്‍ക്കായി ഹാജരായിരുന്നു. അടുത്ത വാദ ദിവസവും ഈ ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്.