ഹൈദരാബാദ്: തെലങ്കാനയില്‍ പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി. രണ്ട് മണിക്കൂര്‍ സമയത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തെലങ്കാന സര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജസ്റ്റിസ് ഖാല്‍വില്‍ക്കര്‍, സജിവ് ഖന്ന എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് വിധി പറഞ്ഞത്. പടക്കങ്ങളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തെലങ്കാന സര്‍ക്കാര്‍ എല്ലാ പടക്ക കടകളും അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ തെലങ്കാന ഫയര്‍ വര്‍ക്കേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് മണിക്കൂര്‍ സമയത്തേക്ക് പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതോടൊപ്പം ദേശീയ ഹരിത ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ പാലിക്കണമെന്ന് സുപ്രിം കോടതി ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ചില പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഉത്തരവുകള്‍ പരിഷ്‌കരിച്ചതെന്നും സുപ്രിംകോടതി ബെഞ്ച് പറഞ്ഞു.
കഴിഞ്ഞയാഴ്ച ദേശീയ ഹരിത ട്രിബ്യൂണല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പടക്കം നിരോധിച്ചിരുന്നു. മലിനീകരണം കുറവുള്ള പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ വില്‍ക്കാനും ഉപയോഗിക്കാനും ഗ്രീന്‍ കോടതി അനുവദിച്ചിരുന്നു. നവംബര്‍ 9നും 30നും ഇടയിലും ദീപാവലി, ചട്ട്, ഗുരു പുരാബ്, ക്രസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളിലും ആയിരിക്കും നിരോധനം ബാധകമായിരിക്കുക. അതേസമയം പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനും, കൊവിഡ് അതീവജാഗ്രത പട്ടികയിൽ ഉള്ളവർക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ആഘോഷദിവസങ്ങളില്‍ പടക്കങ്ങള്‍ നിരോധിച്ചത്. ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ജീവനാണെന്നും കോടതി അഭിപ്രായപ്പെട്ടു.