ഹൈദരാബാദ്: നാല് വയസുകാരിയായ എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍. സ്‌കൂള്‍ പ്രിന്‍സിപ്പലിന്‍റെ ഡ്രൈവര്‍ കുട്ടിയെ രണ്ടുമാസത്തോളം സ്‌കൂളില്‍ വച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കാനും തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി നിര്‍ദേശം നല്‍കി.
തെലങ്കാനയിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകനെയും ഇയാളുടെ ഡ്രൈവറെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കേസന്വേഷണുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രധാന അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചും വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി. വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതിയെ നിയോഗിച്ചത്. പുതിയ കമ്മിറ്റി നിലവിലെ വ്യവസ്ഥകളും പോരായ്‌മകളും പരിശോധിച്ച് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.